വൈപ്പിൻ : ചിന്തയുടെ ജ്വാലകൾ അന്ധകാരം ദൂരീകരിക്കുമെന്ന് പ്രൊഫ. എം. കെ. സാനു പറഞ്ഞു. അന്ധകാരം നിറയുന്ന കാലഘട്ടങ്ങളിൽ അവയെ ദൂരീകരിക്കുന്നതിന് അതാതിടത്തെ ചിന്തകൻമാർ രംഗത്തുണ്ടായിരുന്നു. ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്ന അന്ധകാരം ചിന്തകൊണ്ടും പ്രവർത്തനംകൊണ്ടും ദൂരീകരിച്ച മഹാനാണ് സഹോദരൻ അയ്യപ്പൻ. ചെറായി സഹോദരൻ ജന്മഗൃഹത്തിൽ കേരള ലളിതകലാ അക്കാഡമി സ്ഥാപിച്ച സഹോദരന്റെ അർദ്ധകായ വെങ്കലപ്രതിമ സമർപ്പണം ചെയ്യുകയായിരുന്നു സഹോദരൻ സ്മാരകം ചെയർമാൻ കൂടിയായ പ്രൊഫ. സാനു. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ശില്പി വിൽസൺ പൂക്കായിയെ എം.കെ. സാനു ആദരിച്ചു. ലളിത കലാഅക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് , സെക്രട്ടറി പി.വി. ബാലൻ , സിപ്പി പള്ളിപ്പുറം, സ്മാരകം സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, സ്മാരകം മുൻ സെക്രട്ടറി പൂയപ്പിള്ളി തങ്കപ്പൻ എന്നിവർ സംബന്ധിച്ചു.