കൊച്ചി: ജില്ലയിലെ അഗ്നിരക്ഷാസേന സുരക്ഷാ സംവിധാനങ്ങളിൽ സ്വയംപര്യാപ്തരായി. പ്രളയം, പ്രകൃതിഷോഭം, അഗ്നിബാധ തുടങ്ങി ഏതുതരം ദുരന്തങ്ങളിലും രക്ഷാപ്രവ‌ർത്തനത്തിന് ഉതകുന്ന 52 ലക്ഷംരൂപയുടെ പുതിയ ഉപകരണങ്ങൾ ജില്ലാ കളക്ടർ എസ്. സുഹാസ് ഇന്നലെ സേനയ്ക്ക് കൈമാറി. ഗാന്ധിനഗർ അഗ്‌നിരക്ഷാ നിലയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ ഫയർ ഓഫീസർ ജോജി ഉപകരണങ്ങൾ ഏറ്റുവാങ്ങി.

വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് വാങ്ങിയ ഫസ്റ്റ് എയ്ഡ് കിറ്റ്, റെസ്‌ക്യൂ ബോട്ട്, പാരച്ചൂട്ട് സിഗ്‌നൽ റോക്കറ്റ്, റബർ ഗ്ലൗസ്, റെയിൻകോട്ട്, ഹെഡ് ടോർച്ച്, ഹെൽമെറ്റ്, സെർച്ച് ലൈറ്റ്, എമർജൻസി എസ്‌കേപ്പ് ബ്രീത്തിംഗ് ഡിവൈസ് തുടങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. ഏതു പ്രകൃതിക്ഷോഭത്തിലും നേരിടുന്ന പ്രധാന വെല്ലുവിളിയായ ജീവൻരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനാണിത്. ഈ കാര്യത്തിൽ ജില്ല സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായാണ് ഉപകരണങ്ങൾ ലഭ്യമാക്കിയതെന്ന് കളക്ടർ പറഞ്ഞു

അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ് കൈമാറിയത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് എന്നീ കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഉപകരണങ്ങൾ ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിലേക്കുമായി കൈമാറും. പ്രകൃതി ഷോഭത്തിൽ മാത്രമല്ല മറ്റെല്ലാ അത്യാവശ്യ സന്ദർഭങ്ങളിലും ഇവയുടെ പ്രയോജനം ജില്ലയിൽ ഉണ്ടാകും.