കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ജില്ലയിൽ പൂർണം. ഐ.എൻ.ടി.യു.സിയും ബി.എം.എസും പണിമുടക്കിൽ അണിനിരന്നു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
എറണാകുളം ഡിപ്പോയിൽ നിന്നുള്ള 60 സർവീസുകളിൽ ഒമ്പതെണ്ണം മാത്രമാണ് ഇന്നലെ ഓടിയത്. ആലുവ ഡിപ്പോയിൽ നിന്നും 45 സർവീസുകളും പറവൂർ ഡിപ്പോയിൽ നിന്നും 38 ഉം മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നും 50 ഉം സർവീസുകൾ നടത്തുന്നതിൽ ഒന്നുപോലും ഓടിയില്ല. 30 സർവീസുകൾ നടത്തുന്ന പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും 36 സർവീസുകൾ നടത്തുന്ന പിറവം ഡിപ്പോയിൽ നിന്നും രണ്ട് വീതം സർവീസിനിറങ്ങി. കൂത്താട്ടുകുളത്ത് 20 സർവീസുകൾ നടത്തുന്നതിൽ ഒരെണ്ണവും കോതമംഗലത്തും 37 സർവീസുകളിൽ ഒരെണ്ണവും മാത്രമാണ് ഉണ്ടായിരുന്നത്. അങ്കമാലി ഡിപ്പോയിലെ 33 സർവീസുകളിൽ മൂന്നെണ്ണം ഓടി.
എല്ലാ ഡിപ്പോകളിലും പ്രതിഷേധ പ്രകടനങ്ങളും യോഗവും നടന്നു. ആവശ്യങ്ങൾ അംഗകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് ഐ.എൻ.ടി.യു.സി സംഘടന സംസ്ഥാന സെക്രട്ടറി എം.ഐ. അലിയാർ പറഞ്ഞു. മെക്കാനിക്ക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേർന്നു.