കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ പി.എച്ച്.ഡി പ്രവേശനത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ വീണ്ടും രൂക്ഷമാവുന്നു. സംസ്‌കൃതവിഭാഗം മേധാവി പി.വി നാരായണനെ തത് സ്ഥാനത്ത് നിന്ന് മാറ്റാൻ സിൻഡിക്കേറ്റ് യോഗ തീരുമാനത്തിന് പിന്നാലെ സ്വയംവിരമിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് മുതിർന്ന സംസ്‌കൃത വിഭാഗം അദ്ധ്യാപകനും ഡീനുമായ ഡോ. വി.ആർ. മുരളീധരൻ. തന്റെ ആരോപണങ്ങൾ അറിയിച്ച് കഴിഞ്ഞദിവസം കത്തുനൽകിയെങ്കിലും ആരോപണങ്ങൾ പിൻവലിക്കുന്നുവെന്നും വിരമിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായും രജിസ്ട്രാർക്ക് കത്തുനൽകി. ഒപ്പം ജൂലായ് വരെ അവധി അപേക്ഷ നൽകി. കൂടാതെ ഗവേഷണം അടക്കമുള്ള ചുമതലകളിൽ നിന്നുംഒഴിവാക്കണമെന്നും ഇരുവരും രജിസ്ട്രാർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പി.എച്ച്.ഡി പ്രവേശനത്തിൽ സർവകലാശാല അധികൃതർ നിയമവിരുദ്ധമായും അധാർമികമായും പെരുമാറുന്നതായി രജിസ്ട്രാർക്ക് നൽകിയ അപേക്ഷയിൽ ഡോ. വി.ആർ. മുരളീധരൻ അറിയിച്ചിരുന്നു. സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശകൾപോലും അവഗണിച്ചും 2017 ലെ പി.എച്ച്.ഡി. മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള നടപടികളാണ് സർവകലാശാല അധികൃതരുടെതന്നെ നേതൃത്വത്തിൽ നടത്തുന്നത്. 2002 മുതൽ എല്ലാവർഷവും റിസർച്ച് കമ്മിറ്റിയിൽ പങ്കെടുത്ത ഒരാളെന്ന നിലയിലും ഫാക്കൽറ്റി ഡീൻ എന്ന നിലയിലും ഇക്കാര്യത്തിൽ ഖേദമുണ്ട്. 1995 ആഗസ്റ്റ് ഒന്നുമുതൽ ഇവിടുത്തെ അദ്ധ്യാപകനായതിൽ അഭിമാനിച്ചിരുന്ന ആളായിരുന്നു താൻ. അക്കാഡമിക് താത്പര്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ നിയമവിരുദ്ധമായും അധാർമികമായും ചിലർ പെരുമാറുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സർവകലാശാലയ്ക്കുതന്നെയും അപമാനകരമായ പ്രവൃത്തികൾ അധികൃതർതന്നെ നിരന്തരം നടത്തുന്നത് അപലപനീയമാണ്. ഈ സാഹചര്യത്തിൽ സർവകലാശാലയിൽ സംതൃപ്തിയോടെ തുടരാൻ കഴിയില്ല. അതിനാൽ ജൂലായ് ഒന്നുമുതൽ വി.ആർ.എസ് അനുവദിക്കണമെന്നും ഡോ. വി.ആർ. മുരളീധരൻ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് പ്രവേശനവിഷയത്തിൽ വി.സിക്കെതിരേ രജിസ്ട്രാർക്ക് പരാതി നൽകിയ പി.വി. നാരായണൻ അവധി അപേക്ഷ നൽകിയത്. പരാതിയെത്തുടർന്ന് പി.വി. നാരായണനെ നീക്കാൻ കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം രജിസ്ട്രാർക്ക് നിർദേശം നൽകിയിരുന്നു.