മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മാറാടി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മാറാടിയിൽ സപ്ലൈകോയുടെ പുതിയ മാവേലി സ്റ്റോർ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. നിലവിൽ മാറാടി ഗ്രാമപഞ്ചായത്തിലെ മണ്ണത്തൂർ കവലയിൽ സപ്ലൈകോയുടെ മാവേലി സ്‌റ്റോർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈസ്റ്റ് മാറാടിയിലും പരിസര പ്രദേശത്തുള്ളവർക്കും മാവേലി സ്റ്റോറിൽ എത്തിച്ചേരുന്നതിന് ഏറെ ബുദ്ധിമുട്ടായിരുന്നു. ഇതേ തുടർന്ന് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈസ്റ്റ് മാറാടിയിൽ പുതിയ മാവേലി സ്റ്റോർ അനുവദിച്ചത്. ഈസ്റ്റ് മാറാടിയിൽ കെ.കരുണാകരൻ സ്മാരകഹാളിന് സമീപത്തെ മുറിയിലാണ് പുതിയ മാവേലി സ്റ്റോർ സജ്ജീകരിക്കുന്നത്. ഇതോടെ മാറാടി ഗ്രാമപഞ്ചായത്തിൽ രണ്ട് മാവേലി സ്റ്റോറുകളായി. പാലക്കുഴ ഗ്രാമപഞ്ചായത്തിന് അനുവദിച്ച പുതിയ മാവേലി സ്റ്റോർ മാറികയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മാവേലി സ്റ്റോറിനെ മാവേലി സൂപ്പർ സ്റ്റോറാക്കി ഉയർത്തുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ആയവന ഗ്രാമപഞ്ചായത്തിലെ മാവേലി സ്റ്റോറിനേയും മാവേലി സൂപ്പർ സ്റ്റോറാക്കി ഉയർത്തിയിട്ടുണ്ട് ഇതിന്റെ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്.