ഏലൂർ: നഗരസഭ മുൻ ഭരണസമിതി 17, 62,066 രൂപ ചെലവാക്കി സ്ഥാപിച്ചതായി പറയുന്ന പ്ലാസ്റ്റിക്ക് സംസ്ക്കരണ യൂണിറ്റ് എവിടെയാണ് പ്രവർത്തിക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും സത്യാവസ്ഥ പുറത്തു വരണമെന്നും ഇല്ലാത്ത യൂണിറ്റിനു വേണ്ടി ചെലവഴിച്ച തുകയെ സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും കോൺഗ്രസ് (ഐ) മണ്ഡലം ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലക്കത്തറ ആവശ്യപ്പെട്ടു. വിവരാവകാശ രേഖ പ്രകാരം നഗരസഭയുടെ മറുപടി കത്തിലാണ് 17.5 ലക്ഷം രൂപ ചെലവായ തുകയെപ്പറ്റി പറയുന്നതെന്നും സെബാസ്റ്റ്യൻ പറഞ്ഞു. അതേസമയം, ഏലൂരിൽ പ്ലാസ്റ്റിക്ക് സംസ്ക്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിൽ പ്രദേശവാസികൾ എതിർപ്പു പ്രകടിപ്പിച്ചതിനാൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറിൽ ക്ലീൻ കേരള കമ്പനിയിലാണ് സംസ്ക്കരണം നടത്തുന്നതെന്ന് നഗരസഭാ സെക്രട്ടറി സുഭാഷ് അറിയിച്ചു.