
കൊച്ചി: ആറ് വയസുകാരി അഭിപ്രിതി ആകെ ത്രില്ലിലാണ്. ചെന്നൈ മറീനാബീച്ചിലെ ജയലളിതയുടെ സ്മാരകത്തിലെ ജീവൻ തുടിക്കുന്ന പ്രതിമകൾക്ക് അഴകേകുന്നത് പാണാവള്ളി തളിയാപറമ്പ് എൽ.പി. സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയായ അഭിപ്രിതിയുടെ മുടിയിഴകളാണ്. ആലപ്പുഴ പൂച്ചാക്കൽ സ്വദേശി സജയൻ മാധവനാണ് പ്രതിമകൾ നിർമ്മിച്ചത്. ഇക്കാര്യം ഇന്നലെ കേരളകൗമുദി ഇപേപ്പറിൽ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുമാസം മുൻപാണ് ശില്പത്തിന് ഇണങ്ങിയ മുടിക്കായി സജയൻ അന്വേഷണം ആരംഭിച്ചത്. അവിചാരിതമായി കണ്ടുമുട്ടിയ സുഹൃത്ത് ജിബീഷിനോട് സംസാരിച്ചപ്പോഴാണ്
തന്റെ മകൾ അഭിപ്രിതി കാൻസർ രോഗികൾക്ക് നൽകാനായി മുടി വളർത്തുന്നുണ്ടെന്ന് പറഞ്ഞത്. അഭിപ്രിതിയുടെ മുടി കണ്ടപ്പോൾ പ്രതിമയ്ക്കായി നൽകാമോയെന്ന് സജയൻ ചോദിച്ചു. ജിബീഷ് മകളോടും ഭാര്യ സോജയോടും പറഞ്ഞപ്പോൾ അവരും സമ്മതം മൂളി. അന്നു തന്നെ സജയൻ മുടി മുറിച്ചുകൊണ്ടുപോയി.
അഞ്ചുമാസം കൊണ്ടാണ് ജയലളിതയുടെ രണ്ടു ശില്പങ്ങൾ സജയൻ പൂർത്തിയാക്കിയത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ കൈയടി നേടിയ ലാപ്ടോപ്പ് പദ്ധതിയെ ഒാർമ്മപ്പെടുത്തുന്നതാണ് ഇതിൽ ഒരു ശില്പം. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇന്നലെ അമ്മ മെമ്മോറിയൽ മ്യൂസിയം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. തമിഴ്നാട് സർക്കാരിന്റെ നിർദ്ദേശമുള്ളതിനാൽ പ്രതിമയുടെ വില വെളിപ്പെടുത്താനാവില്ലെന്ന് സജയൻ പറയുന്നു. ഹോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്ന ഹൈപ്പർ റിയലസ്റ്റിക് സിലിക്കോൺ സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു പ്രതിമകളുടെ നിർമ്മാണം. സിലിക്കോൺ റബർ, റെസിൻ എന്നിവ ചേർത്താണ് ശരീരം നിർമ്മിച്ചത്. പൂച്ചാക്കലിലെ വീട്ടിൽ വച്ച് നിർമ്മിച്ച പ്രതിമകൾ കഴിഞ്ഞ ദിവസമാണ് മ്യൂസിയത്തിലേക്ക് കൊണ്ടുപോയത്. നിരവധി തമിഴ് സിനിമകളിൽ സജയൻ ആർട്ട്‌വർക്ക് ചെയ്തിട്ടുണ്ട്.
മറീനയിലെ വമ്പൻ മ്യൂസിയം
മറീന ബീച്ചിൽ ഏകദേശം 50.80 കോടിരൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന ജയലളിതയുടെ ശവകുടീരത്തിലെ മ്യൂസിയത്തിലാണ് ഈ പ്രതിമകൾ സ്ഥാപിച്ചത്. പറന്നുയരുന്ന ഫിനിക്സ് പക്ഷിയുടെ രൂപത്തിലാണ് ശവകുടീരത്തിന്റെ നിർമാണം. എം.ജി.ആർ സ്മാരകത്തിന് സമീപത്താണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഈ കെട്ടിട വിസ്മയം.