raji-santhosh
ചൂർണിക്കരയിൽ സ്ഥാപിച്ച കാമറകളുടെ സ്വിച്ച് ഓൺ പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് നിർവ്വഹിക്കുന്നു

ആലുവ: ചൂർണിക്കരയിൽ ദേശീയപാതയിലെ മാലിന്യ നിക്ഷേപം തടയാൻ മിഴിതുറന്ന് 11 ഹൈടെക് കാമറകൾ. നാടിനാകെ അപമാനമായ മാലിന്യ നിക്ഷേപം തടയാൻ ചൂർണിക്കര ഗ്രാമപഞ്ചായത്ത് 24 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ ചെലവഴിച്ചത്. രണ്ടാംഘട്ടത്തിൽ കാമറകൾക്കായി 12 ലക്ഷം രൂപ കൂടി വകയിരുത്തി.

ദേശീയപാതയിൽ എസ്.എസി.എം.എസ് കോളേജ് പരിസരം 4, പുളിഞ്ചോട് 2, കമ്പനിപ്പടി, അമ്പാട്ടുക്കാവ് എന്നിവിടങ്ങളിൽ ഒന്ന് വീതം കാമറയും അമ്പാട്ടുകാവ് കട്ടേപ്പാടം റോഡിൽ മൂന്ന് കാമറയുമാണ് സ്ഥാപിച്ചത്. പഞ്ചായത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പുളിഞ്ചോട് മുതൽ മുട്ടം എസ്.സി.എം.എസ് കോളേജ് വരെ വ്യാപകമായി മാലിന്യ നിക്ഷേപമാണ്. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളുമെല്ലാം പലവട്ടം രാത്രി കാലങ്ങളിൽ ഉറക്കമിളച്ച് മാലിന്യം നിക്ഷേപകരെ പിടികൂടാൻ ശ്രമിച്ചിട്ടുണ്ട്. നാട്ടുകാരുടെ വിജിലൻസ് സ്ക്വാഡും പലവട്ടം രംഗത്തിറങ്ങി. എന്നിട്ടും ഫലമില്ലാതായ സാഹചര്യത്തിലാണ് മുൻ ഭരണസമിതിയുടെ കാലത്ത് ബാബു പുത്തനങ്ങാടി പ്രസിഡന്റായിരിക്കെ 24 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്. നാല് ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽ നിന്നും ബാക്കി സ്പോൺസർമാർ മുഖേനയുമാണ് അന്ന് പദ്ധതി തയ്യാറാക്കിയത്.

ഇതിനിടയിൽ ഇടക്കാല ഭരണമാറ്റമുണ്ടായപ്പോൾ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി സ്പോൺസർമാരെ തേടാതെ 24 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്നും നീക്കിവച്ചു. തുടർന്ന് സർക്കാർ ഏജൻസിയായ സിൽക്ക് മുഖേന പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു. പുതിയ ഭരണ സമിതി ചുമതലയേറ്റപ്പോഴും മാലിന്യ നിക്ഷേപത്തിന് കുറവുണ്ടായില്ല. ഇതേതുടർന്നാണ് വീണ്ടും 12 ലക്ഷം നീക്കി വച്ചത്.

കാമറകളുടെ സ്വിച്ച് ഓൺ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ടീച്ചർ, സ്ഥിര സമതി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, തായിക്കാട്ടുകര സഹകരണബാങ്ക് പ്രസിഡന്റ് കെ.വി. സുലൈമാൻ എന്നിവർ പങ്കെടുത്തു.

ഹരിത നിയമ പ്രകാരം ശിക്ഷാ നടപടി
അനധികൃതമായി മാലിന്യ നിക്ഷേപിക്കുന്നവർ പിടിക്കപ്പെട്ടാൽ ഹരിത നിയമ പ്രകാരം ശിക്ഷാ നടപടിയെടുക്കും. നിലവിൽ പഞ്ചായത്ത് ഓഫീസിലാണ് കാമറകളുടെ കൺട്രോൾ റൂം. ആലുവ പൊലീസ് സ്റ്റേഷനിലേക്കും ലഭിക്കുന്നതിന് സൗകര്യമൊരുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.