കൊച്ചി : കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമ്മാണ കരാറിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പി ആൻഡ് സി പ്രൊജക്ടസിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജിയിൽ കിഫ്ബിയും ഇൻകെൽ അധികൃതരും നൽകിയ വിശദീകരണത്തിന് മറുപടി നൽകാൻ ഹർജിക്കാർ സമയം തേടിയതിനാലാണ് ഹർജി സിംഗിൾബെഞ്ച് മാറ്റിയത്. കാൻസർ സെന്ററിന്റെ നിർമ്മാണ കരാറിൽ കക്ഷികൾ തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കുന്നതിനായി ഒരു മൾട്ടി ലെവൽ തർക്ക പരിഹാര സംവിധാനത്തെക്കുറിച്ച് പറയുന്നുണ്ടെന്നും ഇതു രൂപീകരിക്കാതെ തങ്ങളെ ഒഴിവാക്കിയെന്നുമാണ് ഹർജിയിലെ ആരോപണം. നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നെന്നാരോപിച്ച് ഇൻകൽ അധികൃതർ ഡിസംബർ 26 ന് കരാറുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജനുവരി നാലിന് ഇതിനുള്ള മറുപടി നൽകിയെന്നും തർക്കങ്ങൾ പരിഹരിക്കാൻ ഒരു മൾട്ടി ലെവൽ സംവിധാനം വേണമെന്നാവശ്യപ്പെടുന്ന നിവേദനം ജനുവരി ആറിന് നൽകിയെന്നും ഹർജിക്കാർ പറയുന്നു. പ്രശ്നത്തിൽ ഇടപെടാൻ സർക്കാരിനോടും കിഫ്ബിയോടും കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതുണ്ടായില്ല. ജനുവരി 18 നാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ജനുവരി 31 ന് ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയതെന്നും ഹർജിയിൽ പറയുന്നു.