കൊച്ചി: വിദ്യാഭ്യാസവും ലോകപരിചയവും അബദ്ധങ്ങളിൽ വീഴാതിരിക്കാൻ വീട്ടമ്മമാരെ തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി കൊച്ചിയിൽ നടന്ന വനിതാകമ്മിഷൻ അദാലത്തിലെ പരാതികൾ. സ്വന്തമായി പ്ലെെവുഡ് കട നടത്തുന്ന ബിരുദയോഗ്യതയുള്ള വീട്ടമ്മയാണ് സാമ്പത്തികതട്ടിപ്പിൽ പണം നഷ്ടപ്പെട്ട് കണ്ണീരോടെ അദാലത്തിനെ സമീപിച്ചത്. ഭ‌ർത്താവിന്റെ മരണത്തെ തുടർന്ന് എൽ.ഐ.സിയിൽ നിന്ന് ലഭിച്ച 17 ലക്ഷം രൂപ അമിതലാഭം കിട്ടുമെന്ന സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ഒരു കമ്പനിയിൽ നിക്ഷേപിച്ചത്. മാസം 65,000 രൂപയും പത്ത് വർഷം കഴിയുമ്പോൾ ഇരട്ടിത്തുകയും ലഭിക്കുമെന്ന മോഹനവാഗ്ദാനത്തിൽ അകപ്പെട്ട വീട്ടമ്മയ്ക്ക് മാസങ്ങളായി പണത്തെ കുറിച്ച് യാതൊരു വിവരവുമില്ല. മകളുടെ വിവാഹം നടത്താൻ നേട്ടോട്ടമോടുകയാണ് വീട്ടമ്മയിപ്പോൾ.

കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ പരാതികളാണ് അദാലത്തിൽ കൂടുതൽ. ശമ്പളം ലഭിക്കാത്തതിനാൽ ജീവിതം പരുങ്ങലിലായ വീട്ടമ്മമാരും അദാലത്തിൽ എത്തിയിരുന്നു. കള്ളപ്പരാതിയിൽ കുടുക്കി ആളുകളെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്ന പരാതികളും അദാലത്തിൽ ഉണ്ടായിരുന്നു. രണ്ട് ദിവസങ്ങളിലായാണ് അദാലത്ത് നടക്കുന്നത്. ആദ്യദിനമായ ഇന്നലെ 46 കേസുകളാണ് പരിഗണിച്ചത്. 11 കേസുകൾ തീർപ്പാക്കി. വെെ.എം.സി.എ ഹാളിൽ ആരംഭിച്ച അദാലത്തിൽ അഡ്വ. ഷിജി ശവജി, അഡ്വ. എം.എസ്. താര, വി.യു. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. ഇന്നും അദാലത്ത് തുടരും.

'' പൊതുബോധമുള്ളവരും ഇത്തരം കെണിയിൽപെടുന്നത് വിഷമകരമാണ്. വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫെെൻ