തൃക്കാക്കര: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിമിനൽ കേസുള്ളവരെ മത്സരിപ്പിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികൾ ഉത്തരം പറയേണ്ടിവരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ തനിക്ക് എത്ര ക്രിമിനൽ കേസുണ്ടെന്ന് സത്യവാങ്മൂലം നൽകണം. തുടർന്ന് ക്രിമിനൽ കേസുള്ളവരെ എന്തിന് മത്സരിപ്പിക്കുന്നുവെന്ന് നാമനിർദേശ പത്രികയിൽ രാഷ്ട്രീയ പാർട്ടികൾ വിശദീകരണം നൽകണം. പത്ര-ദൃശ്യ മാദ്ധ്യമങ്ങൾവഴി മൂന്നുതവണ ക്രിമിനൽ കേസുകൾ സംബന്ധിച്ച് പരസ്യവും നൽകണം. തിരഞ്ഞെടുപ്പിൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരിൽ ചിലരെങ്കിലും രാഷ്ട്രീയപ്രവർത്തനം നടത്താറുണ്ട്. ഇത് തിരഞ്ഞെടുപ്പ് ജോലിയിൽ കൊണ്ടുവരാതെ ശ്രദ്ധിക്കണം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്ന രീതിയിലായിരിക്കണം പ്രവർത്തനം. ഏതെങ്കിലും ഉദ്യോഗസ്ഥൻ പക്ഷപാതം കാണിച്ചുവെന്ന് ബോദ്ധ്യപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ആദ്യത്തെ നടപടി നോട്ടീസ് കൂടാതെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്നതാണ്. തുടർന്ന് നിയമനടപടിയും സ്വീകരിക്കും.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധയിൽപെട്ടാൽ വരണാധികാരികൾ ശക്തമായ നടപടി സ്വീകരിക്കണം.തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ഉദ്യോഗസ്ഥർക്ക് പുറമെ വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടെ ബൂത്ത് ഏജന്റമാരും സഹകരിക്കണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന മുഴുവൻ ഉദ്യോഗസ്ഥരും കൊവിഡ് വാക്സിൻ സ്വീകരിക്കണം. താത്പര്യമില്ലാത്തവർക്ക് വാക്സിനേഷനിൽനിന്ന് ഒഴിവാകാം. എന്നാൽ ഇവർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുവേണം ഡ്യൂട്ടിക്ക് ഹാജരാകാനെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി.ഒ.ടി മനോജ്, സബ് കളക്ടർ ഹാരിസ് റഷീദ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.