
മുംബയ്: രാജ്യത്ത് ഐ.ടി ഹാർഡ്‌വെയർ ഉല്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കാൻ ഈ മേഖലയിലും കേന്ദ്രസർക്കാർ ഉയർന്ന ഉല്പാദന ആനുകൂല്യം കൊണ്ടുവരുന്നു. ലാപ്ടോപ്പ്, ടാബുകൾ, ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ, സർവറുകൾ എന്നിവയുടെയും ഘടകങ്ങളുടെയും നിർമ്മാണത്തിൽ സ്വയംപര്യപ്തമാകലും കയറ്റുമതിയും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
വലിയ തോതിലുള്ള ഉല്പാദക ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് വിദേശ കമ്പനികൾ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപവും നടത്താൻ പുതിയ നയം വഴിയൊരുക്കും.
ഐ.ടി ഹാർഡ് വെയറുകളുടെ ഉല്പാദന ആനുകൂല്യമായി കമ്പനികൾക്ക് നൽകാൻ 7,350 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. 2.45 ലക്ഷം കോടി രൂപയുടെ ഐ.ടി ഉല്പന്ന കയറ്റുമതി സൃഷ്ടിക്കാൻ പുതിയ സമീപനം വഴിയൊരുക്കുമെന്ന് ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്ത് ഏപ്രിലിൽ മൊബൈൽ ആക്സസറികളുടെ ഉല്പാദനത്തിന് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പ്രഖ്യാപിച്ചത് വൻവിജയമായിരുന്നു. ആഭ്യന്തര കമ്പനികളുടെയും പ്രമുഖ ആഗോള ബ്രാൻഡുകളുടെയുമായി 16 വൻകിട ഉല്പാദന കേന്ദ്രങ്ങൾ തുറന്നു. കുറച്ചുനാൾ കൊണ്ട് ഇന്ത്യ മൊബൈൽ ആക്സസറികളുടെ നിർമ്മാണ ഹബ്ബായി മാറി. ലോകം കൊവിഡിന്റെ ദുരിതച്ചുഴിയിൽ ഉലയുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ നേട്ടം.
കഴിഞ്ഞ അഞ്ചുമാസം കൊണ്ട് 35,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഈ കമ്പനികൾ നിർമ്മിച്ചത്. 1,300 കോടി രൂപയുടെ പുതിയ നിക്ഷേപവും ഉണ്ടായി. 22,500 തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. അതിന്റെ ചുവടുപിടിച്ചാണ് ഐ.ടി.ഹാർഡ് വെയർ നിർമ്മാണ രംഗത്തും പുതിയ ചലനം സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം. ടെലികോം നെറ്റ്‌വർക്കിംഗ് ഘടകൂളുടെ ഉല്പാദന രംഗത്തും പി.എൽ.ഐ നടപ്പാക്കാൻ കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
22
ഇലക്ട്രോണിക് ഉത്പന്നങ്ങൾ നിർമ്മിക്കാനായി മറ്റൊരു പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതിയും നേരത്തേ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിലേക്ക് ഇതുവരെ 22 കമ്പനികളുടെ അപേക്ഷകളും ലഭിച്ചു.
10
മൊബൈൽ ഫോൺ ആക്സസറി നിർമ്മാണത്തിനുള്ള പി.എൽ.ഐ പദ്ധതി വൻവിജയമായത് കണക്കിലെടുത്ത് ഈ പദ്ധതി നടപ്പാക്കാൻ വൻവികസന സാദ്ധ്യതയുള്ള പത്ത് മേഖലകൾ കൂടി നീതി ആയോഗ് തിരഞ്ഞെടുത്തിട്ടുണ്ട്.