ആലുവ: പെരുമ്പാവൂരിൽ വൻ തോതിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ തുടങ്ങിയവരുൾപ്പെടുന്ന ടീമാണ് അന്വേഷിക്കുന്നത്.21നാണ് പെരുമ്പാവൂരിൽ പൂട്ടിയിട്ട മുറികളിൽ നിന്ന് രണ്ട് ലോഡ് നിരോധിത പുകയില ഉല്പന്നങ്ങൾ പൊലീസ് കണ്ടെത്തിയത്. ബീഹാർ, ആസാം, പശ്ചിമ ബംഗാൾ തുടങ്ങിയ മേഖലകളിൽ നിന്നുമാണ് ഉല്പന്നങ്ങൾ ഇവിടെയെത്തുന്നത്. വിദ്യാർത്ഥികളേയും, അന്യ സംസ്ഥാന തൊഴിലാളികളേയും ലക്ഷ്യം വച്ചാണ് ലഹരി വസ്തുക്കൾ ഇവിടെ വരുന്നത്. ആരാണ് ഇത് ഇവിടെ എത്തിച്ച് സംഭരിച്ചതെന്നുള്ള അന്വേഷണം നടക്കുകയാണെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതിന് വാടകയ്ക്ക് എടുത്തതായിരുന്നു മുറികൾ. പിന്നീട് ഇവർ ഉപേക്ഷിച്ചു പോവുകയായിരുന്നു. റൂറൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിന് പൊലീസ് പരിശോധന തുടരുകയാണ്.
ഒരു വർഷത്തിനിടയിൽ 30,000 ലേറെ പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് വില്പന നടത്തുവാൻ കൊണ്ടുവന്നതാണിത്. വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്ന് എസ്.പി പറഞ്ഞു.