
ന്യൂഡൽഹി: സ്വകാര്യ ബാങ്കുകൾക്ക് സർക്കാർ ബിസിനസ് നൽകുന്നതിനുള്ള നിരോധനം കേന്ദ്രസർക്കാർ നീക്കി. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിലും ഇനി സ്വകാര്യ ബാങ്കുകൾക്കും തുല്യപങ്കാളികളാകാമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു.
നികുതി, മറ്റ് റവന്യൂ പേമെന്റുകൾ, പെൻഷൻ, ലഘുസമ്പാദ്യപദ്ധതികൾ തുടങ്ങി സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം കൈകാര്യം ചെയ്യാൻ ഇനി സ്വകാര്യബാങ്കുകൾക്കുമാകും. ഏത് സർക്കാർ ഇടപാടുകൾക്കായും സ്വകാര്യബാങ്കുകളെ അധികാരപ്പെടുത്താൻ റിസർവ് ബാങ്കിനും കഴിയും.
ദേശസാത്കൃത ബാങ്കുകളെ പുതിയ തീരുമാനം ദോഷകരമായി ബാധിക്കാനും സാദ്ധ്യതയുണ്ട്. ഇതിനെതിരെ സർക്കാർ ബാങ്കുകളിലെ തൊഴിലാളി സംഘടനകൾ പ്രക്ഷോഭങ്ങളുമായി രംഗത്തുവരികയും ചെയ്യാം.
നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ സ്വകാര്യ ബാങ്കുകളുടെ ഓഹരിവിലയിൽ കയറ്റമുണ്ടായി. എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്കുകളുടെ വില 4-5 ശതമാനം ഉയർന്നു. ഓഹരി വിപണിക്കും ഉണർവേകി.