വെെപ്പിൻ: മുനമ്പം പള്ളിപ്പുറം മേഖലയിൽ സ്വകാര്യ ബസുകൾ ട്രിപ് മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. മുനമ്പം വരെ സർവീസ് നടത്തേണ്ട ബസുകൾ ചെറായി ദേവസ്വം നട ജംഗ്ഷനിൽ ട്രിപ് അവസാനിപ്പിക്കുകയാണ്. കൊവിഡ് ഭീതിയിൽ യാത്രക്കാർ കുറഞ്ഞതിനാലാണ് ബസുകളെല്ലാം ട്രിപ് വെട്ടികുറച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. എന്നാൽ യാത്രക്കാർ വർദ്ധിച്ചിട്ടും ട്രിപുകൾ പുന:പരിശോധിക്കാൻ തയ്യാറായിട്ടില്ല. അവധിദിനങ്ങളിൽ ബസുകൾ സർവീസ് നടത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാത്രി എട്ട് വരെയെങ്കിലും ബസുകൾ സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.