കിഴക്കമ്പലം: മനയ്ക്കക്കടവിനടുത്ത് മാഞ്ചേരിക്കുഴി പാലത്തിന് സമീപം വൃദ്ധ മാതാപിതാക്കളെ താമസിപ്പിക്കാനെന്ന പേരിൽ ഫ്ളാറ്റ് നിർമ്മിക്കാൻ പണം വാങ്ങിയ ശേഷം പാതി വഴിയിൽ ഉപേക്ഷിച്ചതു സംബന്ധിച്ച പരാതിയിൽ മൂന്നു ദിവസത്തിനകം റിപ്പോർട്ടു നല്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കുന്നത്തുനാട് പൊലീസിനു നിർദ്ദേശം ലഭിച്ചു. ഇതു സംബന്ധിച്ച് 'കേരളകൗമുദി 'നല്കിയ വാർത്തയടക്കം പരിശോധിച്ചശേഷമാണ് നിർദ്ദേശം. പരാതിക്കാർ ഹാജരാക്കിയത് കൗമുദി കഴിഞ്ഞ നവംബർ 20 ന് പ്രസിദ്ധീകരിച്ച വാർത്തയായിരുന്നു. പള്ളിക്കരക്കടുത്ത് മോറക്കാലയിലാണ് വൃദ്ധർക്ക് നേരെയുള്ള കൊടും ചതി നടന്നത്. മാതാപിതാക്കളെ വീട്ടിൽ ഒറ്റക്കാക്കി വിദേശത്തു പോയവരടക്കം നിരവധി പേരാണ് സ്വകാര്യ കമ്പനിയുടെ വാചകത്തിൽ വീണത്. പണം മുടക്കിയ പലരുടേയും മാതാപിതാക്കൾ മണ്ണോടടിഞ്ഞു. വിദേശമലയാളികളാണ് കബളിപ്പിക്കപ്പെട്ടവരിലധികവും. തീയറ്റർ, ആശുപത്രി, ഹോട്ടലുകൾ, വ്യായാമ കേന്ദ്രം, എ.സി, നോൺ എ.സി റൂമുകളടക്കം വലിയ സൗകര്യങ്ങളായിരുന്നു വാഗ്ദാനം ചെയ്തത്. 2012 ജൂലായ് മാസത്തിൽ നിർമ്മാണം പൂർത്തീകരിച്ച് നൽകാമെന്നേറ്റാണ് സ്വകാര്യ കമ്പനി മുഴുവൻ പണവും കൈക്കലാക്കിയത്. ഭവനം പണിതുപൂർത്തിയാക്കി നൽകുന്നില്ലെന്ന് മാത്രമല്ല, കമ്പനി പ്രതിനിധികളുടെ പൊടി പോലും കാണാനില്ലെന്നാണ് പരാതി.
സമുച്ചയത്തിന്റെ നിർമാണം പാതി വഴിയിൽ
2010 ഡിസംബറിലാണ് കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറക്കാലയിൽ മുതിർ പൗരന്മാർക്കായി ആധുനിക സൗകര്യങ്ങളുള്ള ഭവനപദ്ധതി സമുച്ചയവുമായി സ്വകാര്യ ഫ്ളാറ്റ് നിർമ്മാതാക്കൾ പരസ്യം നൽകി ആളുകളിൽ നിന്നും മുൻകൂറായി മുഴുവൻ പണവും വാങ്ങിച്ചെടുത്തത്. എന്നാൽ വർഷം പതിനൊന്നു കഴിഞ്ഞിട്ടും സമുച്ചയത്തിന്റെ നിർമാണം പാതി വഴിയിലാണ്. ഭവനസമുച്ചയം ഉടൻ പൂർത്തീകരിക്കുമെന്ന മറുപടി മാത്രമാണുള്ളത്. പണി നടക്കുന്നില്ല. അതിനിടെ നിർമാണം പൂർത്തിയാകാത്ത പദ്ധതി സമുച്ചയത്തിന് പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ചതായി സാക്ഷ്യപ്പെടുത്തിയ മുഴുവൻ സർട്ടിഫിക്കറ്റുകളും നൽകിയതായും പണം മുടക്കിയവർക്ക് ആക്ഷേപമുണ്ട്. ഫ്ളാറ്റ് നിർമ്മാണം പൂർത്തിയാക്കാതെ കബളിപ്പിക്കപ്പെട്ടവരാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. സംഭവം സംബന്ധിച്ച് വിശദമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രണ്ടു ദിവസത്തിനകം റിപ്പോർട്ട് നല്കുമെന്ന് കുന്നത്തുനാട് പൊലീസ് പറഞ്ഞു.
അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു നിർദ്ദേശം