മാലിന്യം തള്ളാനെത്തിയ ദമ്പതികളെ പിടികൂടി

പിടികൂടിയത് പ്രത്യേക സ്‌ക്വാഡാണ്

മാലിന്യം തള്ളിയാൽ നിയമ നടപടി സ്വീകരിക്കും

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പ്രദേശത്ത് നിന്ന് മൂവാറ്റുപുഴ നഗരത്തിൽ മാലിന്യം തള്ളാനെത്തിയ ദമ്പതികളെ വാഹനം അടക്കം പിടികൂടി. ഇന്നലെ രാവിലെ 7ന് എം.സി റോഡിൽ ലിസ്യൂ സെന്ററിന് താഴെയാണ് വാഹനത്തിൽ മാലിന്യവുമായി ദമ്പതികൾ എത്തിയത്. മാലിന്യം റോഡരുകിൽ നിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടെ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. മാലിന്യം കൊണ്ട് വന്ന വാഹനവും കസ്റ്റഡിലെടുത്തു. കേസ് എടുത്തതിന് ശേഷം പിന്നീട് വാഹനം കൊടുത്തു.

പായിപ്ര പഞ്ചായത്തിന്റെ വിവധ പ്രദേശങ്ങളിൽ നിന്ന് എത്തിക്കുന്ന മാലിന്യം ലിസ്യു സെന്റർ ഭാഗത്താണ് അനധികൃതമായി നിക്ഷേപിച്ച് വരുന്നത്. രാവിലെ ശുചീകരണ തൊഴലാളികൾ നീക്കം ചെയ്താലും പിന്നീടും ഇവിടെ മാലിന്യം കുന്നു കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.പായിപ്ര, ആയവന, വാളകം, ആവോലി, മാറാടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നാണ് നഗരപ്രദേശത്ത് കൂടുതലായും മാലിന്യം നിക്ഷേപിച്ച് വരുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.വി.വിൻസന്റ്, എ.അഷറഫ്, സുബൈർ, ജെ.എച്ച്.ഐ മാരായ ബിന്ദു രാമ ചന്ദ്രൻ, എൻ.ഷീന, സി.എസ്.ശ്രീജി, ഷീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ സന്നദ്ധ പ്രവർത്തകരും, ജനപ്രതിനിധികളും, ജീവനക്കാരും അടങ്ങുന്ന സംഘം പട്ടണത്തിന്റെ വിവധ മേഘലകളിൽ നിരീഷണം ശക്തമാക്കുമെന്നും ചെയർമാൻ അറിയിച്ചു.

പശു വളർത്തൽ നടത്തി വരുന്ന ഇവർ കാലികൾക്ക് നൽകുന്നതിന് പേഴയ്ക്കാപ്പിളളിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് അവശിഷ്ടങ്ങൾ ശേഖരിച്ചു വരികയാണ്. തീറ്റയ്ക്ക് ആവശ്യമായവ എടുത്തശേഷം അവശേഷിക്കുന്ന മാലിന്യങ്ങൾ നഗരത്തിൽ എത്തിച്ച് റോഡുവക്കിൽ തളളുന്ന രീതി.പതിവ് പോലെ മാലിന്യം തള്ളാൻ എത്തിയ ദമ്പതികലെ ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡാണ് പിടികൂടിയത്.

നിരീക്ഷിക്കാൻ പ്രത്യേക സംഘം

പൊതു നിരത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിരവധി വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറും ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കും. അനധികൃതമായി നഗരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെയുളള നടപടി ശക്തമാക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി എൽദോസ്, ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.സലീം എന്നിവർ വ്യക്തമാക്കി.ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഇവർ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തും.