കോലഞ്ചേരി: എം.വി.ഐ രക്ഷകനായി, റോഡിൽ ചോരവാർന്ന് കിടന്ന വിദ്യാർത്ഥിക്ക് പുതുജീവൻ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സമയോചിത ഇടപെടലാണ് വാഹനാപകടത്തിൽ പരിക്കേറ്റ് ചോരവാർന്ന് റോഡിൽ കിടന്ന വിദ്യാർത്ഥിക്ക് പുതുജീവൻ നൽകിയത്. ഇന്നലെ രാവിലെ 9.45 ന് ഐമുറിയിൽ വച്ചായിരുന്നു സംഭവം. ബൈക്ക് തെന്നി മറിഞ്ഞ്, ഓടിച്ചിരുന്ന അകനാട് സ്വദേശി ധീരജ് സുരേന്ദ്രനാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് തെറിച്ച് വീണ് അബോധാവസ്ഥയിലായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാഹന സൗകര്യം ലഭ്യമല്ലാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല.ആ സമയം, അതുവഴി വന്ന പെരുമ്പാവൂർ സബ്ബ് ആർ.ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻപെക്ടർ കെ.എം.അസൈനാർ പരിക്കേറ്റയാളെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വകുപ്പിന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.ബന്ധുക്കളെത്തും വരെ ആശുപത്രിയിൽ തുടർന്ന ശേഷമാണ് ഇദ്ദേഹം ഓഫീസിലേയ്ക്ക് മടങ്ങിയത്.