court

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപക നിയമനത്തിൽ സംവരണത്തിന്റെ ഉൗഴം വ്യക്തമാക്കുന്ന റിസർവേഷൻ റോസ്റ്റർ രഹസ്യമാക്കി പിൻവാതിൽ നിയമനം നടത്തുകയാണെന്നും സംവരണ റോസ്റ്ററിന്റെ പകർപ്പ് ലഭ്യമാക്കണമെന്നുമുള്ള ഹർജിയിൽ ഹൈക്കോടതി സർവകലാശാലയുടെ വിശദീകരണം തേടി. സിൻഡിക്കേറ്റംഗം കൂടിയായ മലപ്പുറം സ്വദേശി ഡോ. പി. റഷീദ് മുഹമ്മദ് നൽകിയ ഹർജി ഹൈക്കോടതി മാർച്ച് നാലിന് പരിഗണിക്കാനായി മാറ്റി.

കാലിക്കറ്റ് സർവകലാശാലയിലെ വിവിധ സംവരണ വിഭാഗങ്ങൾക്ക് അദ്ധ്യാപക നിയമനത്തിൽ നഷ്ടമായത് 34 അസി. പ്രൊഫസർ തസ്തികയാണെന്ന് കേരളകൗമുദി ഈ മാസം 16ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റിസർവേഷൻ റോസ്റ്റർ രഹസ്യമാക്കിവച്ച് നടത്തുന്ന നിയമനത്തട്ടിപ്പ് തടയാനാണ് ഡോ. റഷീദ് ഹൈക്കോടതിയെ സമീപിച്ചത്. റിസർവേഷൻ റോസ്റ്ററിന്റെ പകർപ്പിനായി ഹർജിക്കാരൻ നൽകിയ അപേക്ഷ അതീവ രഹസ്യസ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കി സർവകലാശാല നിരസിച്ചിരുന്നു.

ജനുവരി 30ലെ സിൻഡിക്കേറ്റ് യോഗത്തിൽ റിസർവേഷൻ റോസ്റ്റർ അംഗീകരിച്ചതായി മിനിട്സിൽ പറയുന്നുണ്ടെങ്കിലും റോസ്റ്റർ ഹാജരാക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹർജിയിൽ പറയുന്നു. സർവകലാശാല വെബ്സൈറ്റിൽ സംവരണ റോസ്റ്റർ പ്രസിദ്ധീകരിക്കാൻ യു.ജി.സി നിർദേശം നൽകിയിട്ടുണ്ടെങ്കിലും പാലിക്കുന്നില്ല. സാധാരണഗതിയിൽ വിജ്ഞാപന സമയത്ത് റിസർവേഷൻ റോസ്റ്റർ പ്രസിദ്ധീകരിക്കാറുണ്ട്. കാലിക്കറ്റ് സർവകലാശാല നിയമനസമയത്തും ഇതു വെളിപ്പെടുത്തിയില്ല. പിൻവാതിൽ നിയമനം നടത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഭിന്നശേഷിക്കാരുടെ സംവരണത്തിൽ ഇതേതരത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.