കൊച്ചി: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച തേവര പണ്ഡിറ്റ് കറുപ്പൻ റോഡിന് സമാന്തരമായുള്ള ഫ്ലൈഓവറിന്റെയും ഗോശ്രീ–മാമംഗലം റോഡിന്റെയും നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഡി.പി.ആർ തയ്യാറാക്കാൻ നടപടി. ആകാശപാത പദ്ധതിയുടെ ഡി.പി.ആർ കൊച്ചി മെട്രോ റെയിൽ കോർപറേഷനും(കെ.എം.ആർ.എൽ) ഗോശ്രീ– മാമംഗലം റോഡിന്റെ രൂപരേഖ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനുമാണ്(ആർ.ബി.ഡി.സി.കെ) തയ്യാറാക്കുക. ധനമന്ത്രി ടി .എം. തോമസ് ഐസക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ ഏജൻസികളുടെ യോഗത്തിലാണ് തീരുമാനം. മേയർ എം .അനിൽകുമാർ പങ്കെടുത്തു. കൊച്ചിയിലെ റോഡ് ശൃംഖലയുടെ നിർമ്മാണം സംബന്ധിച്ച ആലോചനകൾക്കായിരുന്നു പ്രത്യേക യോഗം. വീതികൂട്ടി പുതുക്കിപ്പണിയുന്ന കെ .പി .വള്ളോൻ റോഡിന്റെ ഡിസൈനും കെ.എം.ആർ.എൽ തയ്യാറാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഗോശ്രീ–മാമംഗലം റോഡിന്റെ ഡി.പി.ആർ തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രാഥമിക ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും. റോഡിന് സ്ഥലമെടുപ്പ് ആരംഭിച്ചിരുന്നെങ്കിലും തർക്കങ്ങളെ തുടർന്ന് കുറെക്കാലമായി നിലച്ചിരിക്കുകയാണ്. ബഡ്ജറ്റിൽ പ്രഖ്യാപിച്ചതിനാൽ റോഡ് നിർമ്മാണത്തിന് ഫണ്ട് പ്രശ്നമാകില്ലെന്നും സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. ബാനർജി റോഡിന് സമാന്തരമായി നാലുവരിപ്പാതയായാണ് റോഡ് വിഭാവനം ചെയ്യുന്നത്.

 അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കൽ

സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന മധുരകമ്പനി– കണ്ണങ്ങാട്ട്‌പാലം അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കലിന് മേയറെയും കളക്ടറെയും യോഗം ചുമതലപ്പെടുത്തി. ഇടക്കൊച്ചിയെയും പള്ളൂരുത്തി പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് ആയില്ല. തർക്കം പരിഹരിച്ച് റോഡിനാവശ്യമായ പതിമൂന്നര സെന്റ് ഭൂമി ഏറ്റെടുക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയത്. ഏറ്റെടുക്കുന്ന പ്രദേശത്തെ തോടിനു കുറുകെ പാലം നിർമിക്കാൻ ജോൺ ഫെർണാണ്ടസ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ നേരത്തെ നൽകിയിട്ടുള്ളതാണ്. റോഡ് കൂടി യാഥാർത്ഥ്യമായാൽ ഇടക്കൊച്ചി, പള്ളൂരുത്തി പ്രദേശങ്ങൾക്ക് ഏറെ പ്രയോജനകരമായ പാലം ഉപയോഗ്യമാകൂ.

കനാൽ നവീകരണത്തിന് കിഫ്ബി സഹായം

കൽവത്തി– രാമേശ്വരം കനാലിന്റെ നവീകരണത്തിന് കിഫ്ബിയിൽ നിന്ന് പണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടർ ബോർഡിന്റെ പരിഗണനയ്ക്ക് വിടുമെന്ന് മന്ത്രി അറിയിച്ചു. ഫ്ലൈഓവറുൾപ്പെടെ കൊച്ചിയുടെ റൊഡ് ശൃംഖലാ പദ്ധതിയുടെ കാര്യം പുതിയ കൗൺസിൽ അധികാരമേറ്റ ഉടൻ മേയർ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മേയർ ആവശ്യപ്പെട്ട എല്ലാ റോഡ് പദ്ധതികളും ബഡ്ജറ്റിൽ മന്ത്രി പരിഗണിച്ചു. പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പ്രത്യേകയോഗം ചേർന്നത്. ദേശീയപാത , പൊതുമരാമത്ത് , കെ.എം.ആർ.എൽ ഉദ്യോഗസ്ഥർ, കളക്ടറുടെ പ്രതിനിധിയായി സബ് കളക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.