
വിധി ഇനിമുതൽ ബാധകം
കൊച്ചി: എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഹൈക്കോടതി വിലക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ധ്യാപകർക്ക് അനുമതി നൽകുന്ന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് റദ്ദാക്കി. എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനെതിരെ പിറവം പാഴൂർ സ്വദേശി ജിബു. പി. തോമസുൾപ്പെടെ നൽകിയ ഹർജിയിലാണ് നിർണായകവിധി.
കേരള ലെജിസ്ളേറ്റീവ് അസംബ്ളി (റിമൂവൽ ഒഫ് ഡിസ്‌ക്വാളിഫിക്കേഷൻ) ആക്ട് 1951ലെ 2 (4) വകുപ്പാണ് റദ്ദാക്കിയത്. വിധിക്ക് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കിയതിനാൽ ഇനി മുതലുള്ള തിരഞ്ഞെടുപ്പുകൾക്കാണ് ബാധകമാവുക. ഇനിമുതൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതും നിയമവിരുദ്ധമായി. കുട്ടികളെ പഠിപ്പിക്കുകയെന്ന മുഖ്യഉത്തരവാദിത്വം മാറ്റിവച്ചാണ് എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന നടപടിയാണിത്. സർക്കാർ സ്കൂൾ അദ്ധ്യാപകർക്കും ജീവനക്കാർക്കും രാഷ്‌ട്രീയപ്രവർത്തനം നടത്തുന്നതിന് നിയമപരമായി വിലക്കുണ്ട്. എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് വിലക്കില്ലാത്തത് വിവേചനപരമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും രാഷ്ട്രീയപ്രവർത്തനം നടത്താനും അനുമതി നൽകുന്ന തരത്തിൽ നിയമപരമായി ഇളവുണ്ടെന്നാണ് സർക്കാർ വാദിച്ചത്. കേരള വിദ്യാഭ്യാസ നിയമത്തിലെ ചാപ്റ്റർ 4 (എ)യും ഇതിന് അനുമതി നൽകുന്നുണ്ട്. സർക്കാർ സ്കൂളുകളിൽ നിയമനം നടത്തുന്നത് സർക്കാരാണെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റുകളാണ് നിയമനം നടത്തുന്നതെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യപകർക്ക് ശമ്പളം നൽകുന്നത് സർക്കാരാണെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പ്രതിഫലം വാങ്ങുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന ജനപ്രാതിനിദ്ധ്യ നിയമത്തിലെ വ്യവസ്ഥ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും ബാധകമാണ്. തുടർന്നാണ് എയ്ഡഡ് അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുന്ന നിയമവ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി റദ്ദാക്കിയത്.