കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ അക്കാഡമിക് മികവ് വിലയിരുത്തുന്നതിനായുള്ള നാക് സംഘം ഇന്നും നാളെയും കാമ്പസിലെത്തും. കോളേജിന് സ്വയംഭരണാധികാരം ലഭിച്ചതിന് ശേഷം ആദ്യമായാണ് സംഘം കാമ്പസ് സന്ദർശിക്കുന്നത്. മുമ്പ് മൂന്ന് തവണ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. 2013 മാർച്ച് 23ന് നടന്ന നാക് സമിതിയുടെ മൂന്നാം വിലയിരുത്തലിൽ എ ( 3. 11 ജി.പി.എ) ഗ്രേഡും ലഭിച്ചു. 2000 ഫെബ്രുവരി 7 നാണ് മഹാരാജാസ് കോളേജിൽ നാക് സമിതിയുടെ ആദ്യ സന്ദർശനവും വിലയിരുത്തലും നടന്നത്. അന്ന് ത്രീസ്റ്റാർ പദവിയാണ് കോളേജിന് ലഭിച്ചത്. 2006 മെയ് 21ന് നടന്ന നാക്‌സമിതിയുടെ രണ്ടാം വിലയിരുത്തലിൽ എ ഗ്രേഡ് ലഭിച്ചു.
പിന്നീട് 2018 ലായിരുന്നു നാക് സമിതിയുടെ വിലയിരുത്തൽ നടക്കേണ്ടിയിരുന്നത് .പുതിയ ഓട്ടോണമസ് കോളേജെന്ന നിലയിൽ നാകിന്റെ അക്രഡിറ്റേഷൻ 2019 ഡിസംബർ വരെ നീട്ടി ലഭിക്കുകയുണ്ടായി. 2020 ജനുവരിയിൽ നാക് വിലയിരുത്തലിനുള്ള അവസരം അനുവദിച്ചുകിട്ടിയിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സന്ദർശനവും വിലയിരുത്തലും മാറ്റി വയ്ക്കുകയായിരുന്നു.