കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര 28ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രാവിലെ 10ന് പറവൂർ മൂത്തകുന്നത്ത് യാത്രയ്ക്ക് സ്വീകരണം നൽകും.10.30 ന് ചേന്ദമംഗലം കൈത്തറി സംഘത്തിൽ സന്ദർശനം നടത്തും. 11ന് നമ്പൂരിച്ചൻ ആൽ പരിസരത്ത് നിന്ന് സ്വീകരിച്ച് യാത്ര പറവൂർ നഗരസഭ സ്റ്റേഡിയത്തിലെത്തും. തുടർന്ന് പൊതുസമ്മേളനം നടക്കും. 12.15ന് ആലുവ - പറവൂർ കവലയിൽ സ്വീകരണം നൽകും. ഒരു മണിക്ക് ചെറുകിട വ്യവസായ സംരഭകരോടൊപ്പം ജാഥാ ക്യാപ്ടന്റെ ഉച്ചഭക്ഷണം. വൈകിട്ട് 3ന് പെരുമ്പാവൂർ നഗരസഭ ടൗൺഹാളിലും 5 ന് പാലാരിവട്ടം ജംഗ്ക്ഷനിലും പൊതുസമ്മേളനമുണ്ടാകും.
സമാപന സമ്മേളനവേദി മറൈൻഡ്രൈവിൽനിന്നും തൃപ്പൂണിത്തുറയിലേക്ക് മാറ്റി. 6 മണിക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പല പരിസരത്ത് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമനും കെ. സുരേന്ദ്രനും വൻ സ്വീകരണം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അറിയിച്ചു. തുടർന്ന് സ്റ്റാച്ച്യു ജംഗ്ഷന് സമീപം പൊതുസമ്മേളനം നടത്തും.
മാർച്ച് 1 ന് രാവിലെ 9.30 ന് എറണാകുളം ബി.ടി.എച്ചിൽ കെ. സുരേന്ദ്രൻ വിവിധ കൃസ്ത്യൻ സമുദായ സംഘടനാ നേതാക്കളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കും. 10 ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ കെ. സുരേന്ദ്രനിൽ നിന്ന് പാർട്ടിയിൽ അംഗത്വം സ്വീകരിക്കും. ഉച്ചയ്ക്ക് ഒന്നിന് സമൂഹത്തിലെ പ്രമുഖ വ്യക്തികളോടൊപ്പം ഉച്ചഭക്ഷണം. വൈകിട്ട് മൂന്നിന് വ്യാപാരി - വ്യവസായി മേഖലയിലെ നേതാക്കളുമായി ചർച്ച നടത്തും. 4.30 ന് മൂവാറ്റുപുഴ നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം യാത്രയുടെ ജില്ലയിലെ പരിപാടി അവസാനിക്കും.