food
ജില്ലാ ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് സ്‌നേഹം വിഭവം വിളമ്പുന്ന കൂട്ടായ്മയുടെ പത്താം വാർഷികാഘോഷം ഭക്ഷണം നൽകി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് എല്ലാ ഞായറാഴ്ചകളിലും അന്നം വിളമ്പുന്ന നിശബ്ദ കൂട്ടായ്മയ്ക്ക് 10ന്റെ നിറവിൽ. എല്ലാ ആഴ്ചകളിലും 200 റോളം പേർക്കാണ് കൂട്ടായ്മ ഭക്ഷണം വിളമ്പുന്നത്. ആലുവ സെന്റ് ഡൊമനിക്‌സ് പള്ളിയിലെ മുൻ വൈസ് ചെയർമാൻ ഫ്രാൻസിസ് മൂത്തേടൻ, സെക്രട്ടറി ചിന്നൻ പറമാട്ടുമ്മേൽ, പോളച്ചൻ പയ്യപ്പിള്ളി, ബോണി പാറേക്കാട്ടിൽ എന്നിവർ ചേർന്ന് പത്ത് വർഷം മുമ്പ് തുടങ്ങിയതാണ് കൂട്ടായ്മ.

മാസത്തിൽ ഒരു ഞായറാഴ്ച അൻവർസാദത്ത് എം.എൽ.എയും മറ്റൊരു ഞായറാഴ്ച ബൈജു നെടുമ്പാശേരിയും ബാക്കിയുള്ള ഞായറാഴ്ചകളിൽ ഈ സ്‌നേഹ കൂട്ടായ്മയുടെ നേതൃത്വത്തിലുമാണ് ഉച്ചഭക്ഷണം നൽകുന്നത്. വിശേഷ ദിവസങ്ങളിൽ നഗരസഭ ചെയർമാൻ മുൻ എം.ടി. ജേക്കബ്ബും ഭക്ഷണത്തിന്റെ ചെലവ് വഹിക്കും. വിശേഷ ദിവസങ്ങളിൽ ചിക്കനും കേക്കും ഉൾപ്പടുന്നതാണ് മെനു. മറ്റു ദിവസങ്ങളിൽ ചോറ്, മാങ്ങകറി, ബീഫ് ഉലത്ത്, തോരൻ, അച്ചാർ എന്നീ വിഭവവും നൽകുന്നു.

പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സ്‌നേഹ വിഭവം ഉദ്ഘാടന ചടങ്ങ് അൻവർസാദത്ത് എം.എൽ.എ നിർവഹിച്ചു. ഫ്രാൻസിസ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ഡൊമനിക്‌സ് പള്ളി വികാരി ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, മുൻ ചെയർമാൻ എം.ടി. ജേക്കബ്ബ്, മുൻ ചെയർപേഴ്‌സൺ ലിസി എബ്രഹാം, ബൈജു നെടുമ്പാശേരി, ജയകുമാർ, സുരേഷ്, ജസ്റ്റിൻ, ജോബി എന്നിവർ സംസാരിച്ചു.