കൊച്ചി: കൊവിഡ് കാരണം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയെ ലൈസൻസ് നിബന്ധനകൾ കടുപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വട്ടംകറക്കുന്നതായി പരാതി. വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കാൻ എത്തുമ്പോഴാണ് അനാവശ്യ നിബന്ധനകൾ ചൂണ്ടിക്കാട്ടി ബുദ്ധിമുട്ടിക്കുന്നത്. സംസ്ഥാനത്തെ വ്യവസായരംഗം പ്രോത്സാഹിപ്പിക്കുന്നതിന് ലൈസൻസ് വ്യവസ്ഥകളിൽ ഇളവുകൾ അനുവദിച്ചിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിലപാട് കടുപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. നിയമങ്ങൾ കാറ്റിൽപ്പറത്തി സംരംഭകരെ ദ്രോഹിക്കുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ ലൈസൻസ് നിഷേധിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമുമ്പിൽ അനിശ്ചിതകാല സമരം നടത്താൻ നിർബന്ധിതരാകുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്ദീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ അറിയിച്ചു.