കൊച്ചി: ഓൺലൈനായി നടന്ന മുള മേള സമാപിച്ചു. കേരള സ്റ്റേറ്റ് ബാംബൂ മിഷൻ (കെ.എസ്. ബി.എം), കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ.ബി.പി), സംസ്ഥാന വ്യവസായവകുപ്പ് എന്നിവർ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംമ്പേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഫിക്കി) ചേർന്നാണ് മേള സംഘടിപ്പിച്ചത്.
ഓഫീസ് സ്റ്റേഷനറി, ബാംബൂ ബ്ലിൻഡ്‌സ്, അടുക്കള ഉപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, ഇന്റീരിയർ ഡിസൈൻ, ബാംബൂ ഫർണിച്ചർ, കെട്ടിട നിർമ്മാണ വസ്തുക്കൾ തുടങ്ങിയ ഉത്പന്നങ്ങളുമായി ഒട്ടേറെ വിൽപനക്കാരും കരകൗശല വിദഗ്ദ്ധരും മേളയിൽ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നുള്ള ഉപഭോക്താക്കൾ മേളയിലെ സ്റ്റാളുകൾ സന്ദർശിച്ചു. കേരളത്തിലെ മുള ഉത്പാദകരിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങാൻ രാജ്യത്തെ മുൻനിര വ്യാപാരവാണിജ്യ കമ്പനികളും സംഘടനകളും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു.