കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതവിഭാഗം പി.എച്ച്.ഡി (റിസർച്ച്) പ്രവേശന വിവാദത്തിനിടെ നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 16 പേർക്ക് പ്രവേശനം നൽകുവാൻ കഴിഞ്ഞദിവസം ചേർന്ന അഡ്വൈസറി കമ്മിറ്റി യോഗം തീരുമാനിച്ചു. 10 പേരുടെ പ്രവേശന നടപടികൾ പൂർത്തിയായി. വിവാദമായ ചുരുക്കപ്പട്ടിക റദ്ദുചെയ്താണ് പുതിയ പട്ടിക തയ്യാറാക്കിയത്. പ്രവേശന പരീക്ഷയ്ക്കായി റിസർച്ച് അഡ്വൈസർ കമ്മിറ്റി നൽകിയ വെയ്‌റ്റേജ് മാർക്ക് ഒഴിവാക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ആദ്യപട്ടികയിൽ 10 പേരാണുണ്ടായിരുന്നത്. കൂടാതെ ജെ.ആർ.എഫ്, നെറ്റ് യോഗ്യതയുള്ള രണ്ടു പേരെയുമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ റിസർച്ച് അഡ്വൈസറി കമ്മിറ്റിയുടെ വെയ്‌റ്റേജ് മാർക്കിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽനിന്ന് പുറത്തായ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ നാലു പേർ പരാതിയുമായി രംഗത്തെതിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇതേത്തുടർന്ന് വകുപ്പ് മേധാവിക്കെതിരെ സർവകലാശാല സിൻഡിക്കേറ്റ് കമ്മിറ്റി നടപടി സ്വീകരിച്ചു. ഡോ.പി.വി. നാരായണനെയാണ് തത് സ്ഥാനത്തുനിന്ന് നീക്കിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡീൻ ഡോ. വി.ആർ. മുരളീധരൻ വിരമിക്കലിന് അപേക്ഷ സമർപ്പിക്കുകയും ഡോ. പി.വി. നാരായണൻ ദീർഘകാല അവധിയിൽ പ്രവേശിച്ചിരിക്കുകയുമാണ്.
വിശദീകരണവുമായി രജിസ്ട്രാർ
സംസ്‌കൃത സാഹിത്യവിഭാഗം വകുപ്പദ്ധ്യക്ഷനെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി സർവകലാശാല രംഗത്തെത്തി. 2017ലെ സർവകലാശാല പി.എച്ച്.ഡി റെഗുലേഷന് വിരുദ്ധമായി സംസ്‌കൃതവിഭാഗം വകുപ്പദ്ധ്യക്ഷനായിരുന്ന പി.വി നാരായണൻ സെലക്ഷൻ ലിസ്റ്റ് തയാറാക്കി പ്രവേശനവുമായി മുന്നോട്ടുപോയതാണ് വിവാദത്തിന് കാരണമായതെന്ന് രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഈ ലിസ്റ്റ് പുന:പ്രസിദ്ധീകരിക്കാനും പ്രവേശനനടപടികൾ പൂർത്തീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
2017 ലെ സർവകലാശാല പി.എച്ച്.ഡി. റെഗുലേഷനു വിരുദ്ധമായാണ് പ്രവേശനം നടന്നത്. ഇത് തിരുത്താനുള്ള സിൻഡിക്കേറ്റ് നിർദേശം മുൻ വകുപ്പ് അദ്ധ്യക്ഷൻ തള്ളിയതാണ് നടപടിയിലേക്ക് നയിച്ചത്. പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് പിന്നീടുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കുള്ള മാനദണ്ഡമാക്കരുതെന്ന നിബന്ധന പാലിക്കണമെന്ന നിർദേശമാണ് അദ്ധ്യക്ഷൻ തള്ളിയത്. തുടർന്ന് ഫെബ്രുവരി 19ന് ചേർന്ന സിൻഡിക്കേറ്റ് യോഗം നടപടിയുടെ ഭാഗമായി പി.വി നാരായണനെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും നീക്കാനും സംസ്‌കൃതസാഹിത്യ വിഭാഗം സീനിയർ അദ്ധ്യാപിക കെ.ആർ അംബികയ്ക്ക് പകരം ചുമതല നൽകാനും തീരുമാനിച്ചതായും രജിസ്ട്രാർ വ്യക്തമാക്കുന്നു.