meena

തൃക്കാക്കര: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിമിനൽ കേസുള്ളവരെ മത്സരിപ്പിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികൾ ഉത്തരം പറയേണ്ടിവരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ തനിക്ക് എത്ര ക്രിമിനൽ കേസുണ്ടെന്ന് സത്യവാങ്മൂലം നൽകണം. തുടർന്ന് ക്രിമിനൽ കേസുള്ളവരെ എന്തിന് മത്സരിപ്പിക്കുന്നുവെന്ന് നാമനിർദേശ പത്രികയിൽ രാഷ്ട്രീയ പാർട്ടികൾ വിശദീകരണം നൽകണം. പത്രദൃശ്യ മാദ്ധ്യമങ്ങൾവഴി മൂന്നുതവണ ക്രിമിനൽ കേസുകൾ സംബന്ധിച്ച് പരസ്യവും നൽകണം. തിരഞ്ഞെടുപ്പിൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.