
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി വിചാരണക്കോടതി തള്ളി. കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നെന്നാരോപിച്ചാണ് പ്രോസിക്യൂഷൻ ദിലീപിനെതിരെ ഹർജി നൽകിയത്. വിചാരണ ഘട്ടത്തിലുള്ള കേസിൽ ചലച്ചിത്ര താരങ്ങളടക്കമുള്ള ചില പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയിരുന്നു. ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങി അന്വേഷണ സംഘത്തിനു നൽകിയ മൊഴിക്കു വിരുദ്ധമായി സാക്ഷികൾ മാറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ ഒാഫീസ് സെക്രട്ടറി പ്രദീപ് കുമാർ കോട്ടാത്തലയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിപിൻലാൽ താമസിച്ചിരുന്ന കാസർകോട്ടെ വീട്ടിലെത്തി പ്രദീപ് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. വിപിൻ ലാലിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ പ്രദീപ് ശ്രമിച്ചത് ദിലീപിനു വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ ഇൗ ആരോപണങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിചാരണക്കോടതി വിലയിരുത്തി. സാക്ഷികൾ മൊഴി മാറ്റിയത് ദിലീപിന്റെ സ്വാധീനത്തിലാണെന്നും ദിലീപിനെതിരെ മൊഴി നൽകിയാൽ സിനിമയിൽ അവസരങ്ങൾ കുറയുമെന്ന ഭീതിയാണ് താരങ്ങളെക്കൊണ്ട് മൊഴി മാറ്റിച്ചതെന്നും വാദമുണ്ടായി. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനു വന്ന യുവനടിയെ ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ള പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയത്. പിന്നീടു നടത്തിയ തുടരന്വേഷണത്തിൽ നടൻ ദിലീപ് നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ കുറ്റകൃത്യം ചെയ്തതെന്ന് കണ്ടെത്തി. ദിലീപിനെ കേസിൽ എട്ടാം പ്രതിയാക്കി. കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ നടന്നു വരികയാണ്.