
കൊച്ചി: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നാല് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിയെങ്കിലും കുട്ടികളെ ഹെൽമെറ്റ് ധരിപ്പിക്കാനാകാതെ വലയുകയാണ് രക്ഷിതാക്കൾ. ഹെൽമെറ്റ് ധരിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളാണ് പ്രധാനകാരണമായി രക്ഷിതാക്കൾ ചൂണ്ടികാട്ടുന്നത്. ഹെൽമറ്റ് ധരിക്കുമ്പോൾ ഉണ്ടാകുന്ന തലവേദനയാണ് വില്ലനാകുന്നത്. ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോദ്ധവത്കരണം നൽകുന്നുണ്ടെങ്കിലും രക്ഷിതാക്കൾ തന്നെ അതിന് മുൻകെെ എടുക്കണമെന്നാണ് മോട്ടോർവാഹന വകുപ്പ് അധികൃതരുടെ നിലപാട്.
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽപിഴ 500 രൂപ
ഹെൽമറ്റിൽ ബി.ഐ.എസ് മുദ്ര ഉറപ്പുവരുത്തണം
കുട്ടികൾക്ക് നല്ലത് ഭാരം കുറഞ്ഞ ഹെൽമെറ്റ്
ശ്രദ്ധയോടെ തിരഞ്ഞെടുക്കാം
കുട്ടികൾക്ക് പാകമാകാത്ത ഹെൽമറ്റ് ധരിപ്പിക്കുമ്പോഴാണ് കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. അതുകൊണ്ട് ഹെൽമെറ്റ് വാങ്ങുമ്പോൾ കുട്ടികൾക്ക് വച്ച്നോക്കി പാകമായത് എടുക്കണം. ബി.ഐ.എസ് മുദ്രയുള്ള, മുഖം പൂർണമായും ആവരണം ചെയ്യുന്ന സുരക്ഷിതമായ ഹെൽമെറ്റ് തിരഞ്ഞെടുക്കണം. ഭാരം കുറഞ്ഞ ഹെൽമെറ്റ് ധരിക്കുമ്പോൾ തലവേദന ഒഴിവാക്കാനാകും. ഹെൽമെറ്ര് ധരിപ്പിക്കുമ്പോൾ ചിൻ സ്ട്രാപ് കൃത്യമായി ഇടണം. ഇല്ലെങ്കിൽ അപകടമുണ്ടാകുമ്പോൾ ഹെൽമെറ്റ് ഊരി പോകാൻ സാധ്യതയുണ്ട്. അപകടങ്ങളിൽ തലയടിച്ച് വീഴുമ്പോൾ തലയ്ക്ക് പരിക്കേൽക്കാതിരിക്കാനാണ് ഹെൽമറ്റ് ധരിക്കുന്നത്. അതുകൊണ്ട് പൊലീസ് പരിശോധന ഇല്ലാത്ത ഇടങ്ങളിൽ കൂടിയാണ് യാത്ര ചെയ്യുന്നതെങ്കിലും കുട്ടികളെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കണം. ഹെൽമറ്റ് ശീലമാക്കിയാലേ ധരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകൂ.
ട്രെൻഡായി കാർട്ടൂൺ ഹെൽമറ്റ്
കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത്തോടെ കാർട്ടൂൺ ഹെൽമെറ്റുകൾക്ക് വിപണിയിൽ ആവശ്യക്കാർ കൂടുതലാണ്. അതുകൊണ്ട് തന്നെ കച്ചവടവും മെച്ചപ്പെട്ടതായി വ്യാപാരികൾ പറയുന്നു. ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ ഹെൽമെറ്റുകൾ ധരിക്കാൻ കുട്ടികളും തയ്യാറാകുന്നുണ്ട്. വ്യത്യസ്ത നിറങ്ങളിൽ ലഭിക്കുന്നതും കുട്ടികളെ ആകർഷിക്കുന്നു. 700 രൂപ മുതലാണ് വില.