
കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ പുന:ർനിർമ്മാണം അന്തിമഘട്ടത്തിലേക്ക്. ടാറിംഗ് ജോലികൾ ശനിയാഴ്ച പൂർത്തിയാകും. മേല്പാലത്തിലെ ഭാരപരിശോധന ഞായാറാഴ്ച തുടങ്ങും. ഇത് നാല് വരെ തുടരും. പാലത്തിലെ ടാറിംഗ് പണി ശനിയാഴ്ച ഉച്ചയോടെ പൂർത്തിയാകും.ഭാരപരിശോധന പൂർത്തിയാക്കിയ ശേഷം മാർച്ച് അഞ്ചിന് പാലം ഡി.എം.ആർ.സി ,സർക്കാരിന് കൈമാറും. മാർച്ച് 8 ന് തിരഞ്ഞെടുപ്പ്പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.അതിനു മുന്പ് 6 നോ 7 നോ ആയിരിക്കും ഉദ്ഘാടനം കൊടുത്തേക്കും. ചെറുപണികൾ ബാക്കിയുണ്ടാകുമെങ്കിലും തുർച്ചയായ ഗതാഗതത്തിന് ഇത് തടസമാകില്ല.പാലത്തിലെ പാരപെറ്റിലെ പെയിന്റിംഗ് 5 ന് മുമ്പ് പൂർത്തിയാക്കുമെങ്കിലും തെർമൽ പെയിന്റിംഗ് ജോലികൾ പൂർത്തിയാകാൻ പിന്നെയും പത്ത് ദിവസമെടുക്കും.
റിക്കാർഡ് വേഗം , മികച്ച നിർമ്മിതി
ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ യു.എൽ.സി.സിയാണ് പാലത്തിന്റെ പുന:ർനിർമ്മാണം റെക്കാർഡ് വേഗത്തിൽ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം സെപ്തം.28 നാണ് പാലത്തിന്റെ പുന:ർനിർമ്മാണം തുടങ്ങിയത്. പണി പൂർത്തിയാക്കാൻ ജൂൺ വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പെ പണി തീർക്കാൻ കഴിഞ്ഞത് നേട്ടമായി. ഡോ. ഇ.ശ്രീധരൻ എല്ലാമാസവും നേരിട്ടെത്തി പാലം പണിക്ക് മേൽനോട്ടം വഹിച്ചിരുന്നു.
ഭാരപരിശോധന എങ്ങനെ
കോൺക്രീറ്റ് നിർമിതികളിൽ ഭാരപരിശോധന നടത്തുന്നത് അഞ്ചു തരത്തിലാണ്. ബിഹേവിയർ ടെസ്റ്റ്, പ്രൂഫ് ലോഡ് ടെസ്റ്റ്, സ്‌ട്രെസ് ഹിസ്റ്ററി ടെസ്റ്റ്, അൾട്ടിമേറ്റ് ലോഡ് ടെസ്റ്റ്, ഡയഗണോസ്റ്റിക് ടെസ്റ്റ് എന്നിവ, ഭാരപരിശോധനക്ക് അൾട്ടിമേറ്റ് ലോഡ് ടെസ്റ്റ് ഡിസൈനിൽ പറയുന്ന ഏറ്റവും ഉയർന്നഭാരവുമായി ട്രക്കുകൾ പാലത്തിനു മുകളിൽ കയറും. കയറ്റാവുന്ന പരമാവധി ഭാരത്തിന്റെ അഞ്ചിലൊന്ന് ഭാരമാണ് ആദ്യം കയറ്റുക. പിന്നീടിത് പടിപടിയായി ഉയർത്തും. ഇരുപത്തി നാല് മണിക്കൂർ പാലത്തിനമുകളിൽ തന്നെ ഭാരം കയറ്റിയ ട്രക്കുകൾ നിർത്തിയിടും. ട്രക്കുകൾ മാറ്റിയശേഷം ഗർഡറുകൾക്ക് വളവോ വിള്ളലോ ഉണ്ടോ എന്ന് പരിശോധിക്കും ഡയൽ ഗേജും റൂളറുമടക്കുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന.
5 ന് കെെമാറും
പാലാരിവട്ടം ഫ്ളൈ ഓവർ ഏറ്റവും മികച്ച രീതിയിൽ കുറഞ്ഞസമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ട്. മാർച്ച് 5 ന് സർക്കാരിന് കെെമാറും.ഉദ്ഘാടന തീയ്യതിയും മറ്റും തീരുമാനിക്കേണ്ടത് സർക്കാരാണ്
കേശവ് ചന്ദ്രൻ,ഡി.എം.ആർ.സി
ഉദ്ഘാടനം മാർച്ച് 8 ന് മുമ്പ്
പെയിന്റിംഗ് പണികൾ ഉദ്ഘാടന ശേഷം