കൊച്ചി: പെട്രോളിനും ഡീസലിനും യാതൊരു നിയന്ത്രണവുമില്ലാതെ വിലവർദ്ധിക്കുന്ന സാഹചര്യത്തിൽ സംയുക്ത മോട്ടോർ സംരക്ഷണ സമിതി മാർച്ച് രണ്ടിന് വാഹന പണിമുടക്ക് നടത്തും. പെട്രോൾ ലിറ്ററിന് 50 രൂപയ്ക്ക് നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ ബി.ജെ.പിയുടെ ഭരണത്തിൽ ഇന്ധനവില വർദ്ധനവ് മൂലം മോട്ടോർവാഹന മേഖല തകർന്ന് തൊഴിലാളികൾ പട്ടിണിയിലാണ്. വാഹനങ്ങൾ നിരത്തിലിറക്കാനാകാതെ തുരുമ്പെടുക്കുകയാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു. എച്ച്.എം.എസ് ജില്ലാ കമ്മിറ്റി നേതൃയോഗം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡന്റ് ജോയി മൂക്കന്നൂർ അദ്ധ്യക്ഷനായി. ജില്ല ഭാരവാഹികളായ എം.കെ.സുരേഷ്, ഹമീദ് പട്ടത്ത്, കെ.കെ.മോഹനൻ, റോയി കണ്ണാടൻ, വാവച്ചൻ തോപ്പിൽകുടി, ജബ്ബാർ വാത്തേലി എന്നിവർ സംസാരിച്ചു.