
ന്യൂഡൽഹി: ലോക്ക്ഡൗണിന്റെ ക്ഷീണത്തിൽ നിന്ന് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യ തിരിച്ചുകയറുകയാണെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡിസ്. ഏറ്റവും ദീർഘവും കർക്കശവുമായ ലോക്ക്ഡൗൺ നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രതിശീർഷ വരുമാനം (ജി.ഡി.പി) കുത്തനെ വീണ് നിലംപരിശായിരുന്നു.
2021 സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7 ശതമാനം ചുരുങ്ങുമെന്നാണ് മൂഡീസ് വിലയിരുത്തൽ. വളർച്ചാനിരക്ക് നടപ്പു സാമ്പത്തിക വർഷം 10.6 ആയും 2021-22ൽ 10.8 ആയും കുറയുമെന്നും പ്രവചിച്ചിരുന്നു. എന്നാൽ പുതിയ വിലയിരുത്തൽ പ്രകാരം 21-22ൽ വളർച്ചാ നിരക്ക് 13.7ൽ എത്തുമെന്നാണ് മൂഡീസ് പറയുന്നത്.
ഒക്ടോബർ - ഡിസംബർ പാദത്തിലെ ജി.ഡി.പി നിരക്കുകൾ കേന്ദ്രസർക്കാർ ഇന്നാണ് പുറത്തുവിടുക. അവസാന പാദത്തിൽ റെക്കാർഡ് വളർച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.