
മുംബയ്: സ്വന്തമായി ഡിജിറ്റൽ കറൻസി ഇറക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ഗുപ്ത ഇന്നലെ ട്വീറ്റിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഇന്ത്യൻ ഡിജിറ്റൽ കറൻസിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് റിസർവ് ബാങ്ക്. ക്രിപ്റ്റോ കറൻസികളോട് യോജിപ്പില്ല. ഇതുപോലാകില്ല ഇന്ത്യൻ ഡിജിറ്റൽ കറൻസി. പുതിയ കാലത്ത് പുതിയ സാങ്കേതിക വിദ്യകളോട് പുറംതിരിഞ്ഞ് നിൽക്കാനാവില്ല. ഡിജിറ്റൽ കണക്കുകളുടെ കാലത്ത് ആ വിദ്യയും ഉപയോഗപ്പെടുത്തണം. ക്രിപ്റ്റോ കറൻസികളുടെ കാര്യത്തിൽ ചില ആശങ്കകളുമുണ്ട്. ഡിജിറ്റൽ സാമ്പത്തിക ഘടന ശക്തിപ്പെടുത്തണം. ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറേണ്ട ഏറ്റവും യോജിച്ച സന്ദർഭമാണിത്. ശക്തികാന്ത് ദാസ് ഗുപ്ത പറഞ്ഞു.
ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പുതിയ ബില്ലിന് രൂപം നൽകുകയാണ്. ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ
ഒഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 എന്ന പേരിലാണ് ബിൽ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ സ്വന്തം ഡിജിറ്റൽ കറൻസി നീക്കവും.
ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളെ ഇന്ത്യയിൽ നിരോധിക്കണമെന്ന അഭിപ്രായം മന്ത്രിതല സമിതിയിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രകടിപ്പിച്ചിരുന്നു. ഈ കമ്മിറ്റിയിൽ തന്നെയാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയെന്ന നിർദേശവും ഉയർന്നത്.
ഇത്തരം കറൻസികളെ നിയന്ത്രിക്കുന്നതിനുള്ള റിസർവ് ബാങ്കിന്റെ നിലവിലെ പോരായ്മകളെ കുറിച്ച് ധന, കോർപ്പറേറ്റുകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് ഇക്കാര്യം ചർച്ച ചെയ്യാൻ മന്ത്രിതല സമിതിക്ക് രൂപം നൽകിയത്.
ബില്ല് പാസായാൽ സർക്കാരിന്റെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വരും. സ്വകാര്യ കറൻസികളെല്ലാം നിരോധിക്കപ്പെടുകയും ചെയ്യും.
2018 : ക്രിപ്റ്റോ കറൻസി വ്യാപാരം റിസർവ് ബാങ്ക് നിരോധിച്ചു
2019 : ക്രിപ്റ്റോ കറൻസി നിയന്ത്രണ നയം രൂപീകരിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.
2020 : ക്രിപ്റ്റോ കറൻസി നിരോധനം സുപ്രീം കോടതി റദ്ദാക്കി
എന്താണ് ഈ ക്രിപ്റ്റോ കറൻസി
അതിശക്തമായ എൻക്രിപ്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവയാണ് ക്രിപ്റ്റോ കറൻസികൾ.
ഓഹരി വിനിമയം പോലെ എക്സ്ചേഞ്ചുകളിലൂടെ ഡിജിറ്റലായി വിനിമയം ചെയ്യാം. നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ വരുന്നതനുസരിച്ചാണ് ലാഭനഷ്ടങ്ങൾ. ബിറ്റ്കോയിൻ ആണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസി.  സർക്കാർ നിയന്ത്രണങ്ങൾക്കും സമയ, കാല, ദേശ പരിമിതികൾക്കും അതീതമാണ് ഈ സമ്പ്രദായം. സർക്കാർ ഗാരന്റിയും ഇല്ല. വിശ്വാസ്യത സ്വയം സൃഷ്ടിക്കുന്നത്. നിക്ഷേപകന് സുരക്ഷിതത്വം നൽകാനാണ് റിസർവ് ബാങ്ക് ശ്രമം. ലക്ഷക്കണക്കിന് പേർ ഇന്ത്യയിൽ ക്രിപ്റ്റോകറൻസി ഇടപാടിൽ സജീവമാണ്. മലയാളികളും കുറവല്ല.
ബിറ്റ്കോയിൻ വില
ഫെബ്രു.25 : 37,61,746 രൂപ