കൊച്ചി : വേനൽ കടുത്തതോടെ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ, പൊതുപൈപ്പുകളിൽ നിന്നുള്ള ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ വാട്ടർ അതോറിട്ടി . കുടിക്കാനായി നൽകുന്ന വെള്ളം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
പരിശോധന കർശനമാക്കും
അസിസ്റ്റന്റ് എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയുടെ കിഴക്ക് , പടിഞ്ഞാറ് മേഖലകളിലായി പരിശോധന നടത്തും. ആന്റി തെഫ്ട് സ്‌ക്വാഡിന് പുറമേ സബ്സ്റ്റേഷനുകളിൽ നിന്ന് നേരിട്ടും പരിശോധന നടത്തുന്നുണ്ട്.
കുടിവെള്ള ചൂഷണത്തിന് പിഴ
കുടിവെള്ള മോഷണത്തിനും ചൂഷണത്തിനും വൻതുക പിഴയീടാക്കാൻ കഴിയും. പിഴ അടച്ചില്ലെങ്കിൽ ജയിൽ ശിക്ഷവരെ നൽകാനുള്ള നടപടി സ്വീകരിക്കാം. അനധികൃതമായി വാട്ടർ അതോറിട്ടി ലൈനിൽ നിന്ന് കണക്ഷൻ എടുക്കുക, മീറ്റർ ഇല്ലാതെ കുടിവെള്ളം ഉപയോഗിക്കുക എന്നിവ ജലമോഷണമായാണ് കണക്കാക്കുന്നത്. കുറ്റം കണ്ടുപിടിച്ചാൽ പിഴ ചുമത്തിയ നോട്ടീസ് നൽകും. നിശ്ചിത സമയത്തിനുള്ളിൽ പിഴ അടയ്ക്കാത്ത പക്ഷം വീണ്ടുമൊരു കത്തയയ്ക്കും. രണ്ടാഴ്ച കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കിൽ കേസ് പൊലീസിന് കൈമാറും. പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.
ഒഴിവാക്കാം
ചെടി നനയ്ക്കലും വാഹനം കഴുകലും ശുദ്ധജലം ഉപയോഗിച്ച് വേണ്ട
ക്‌ളോറിനേറ്റ് ചെയ്ത് ശുദ്ധീകരിച്ച കുടിവെള്ളം ദുരുപയോഗം ചെയ്യരുത്
വീടിന് പുറത്തെ ആവശ്യത്തിന്ഉപയോഗിക്കരുത്..