കിഴക്കമ്പലം: കുന്നത്തുനാട്ടിൽ തിരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയെത്തി. 90 പേരടങ്ങുന്ന ബറ്റാലിയൻ, കമാണ്ടന്റിന്റെ നേതൃത്വത്തിലാണ് എത്തിയിരിക്കുന്നത്. സെന്റ് ജോസഫ്സ് സ്കൂളിലാണ് ഇവർക്ക് താത്കാലിക ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾ മുന്നിൽ കണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കുന്നത്തുനാട്ടിലേയ്ക്ക് കേന്ദ്ര സേനയെ നിയോഗിച്ചത്. കുന്നത്തുനാട് പൊലീസിനു കീഴിലാകും പ്രവർത്തനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പായി സാധാരണ കേന്ദ്ര സേന എത്തുന്ന പതിവില്ല. എന്നാൽ തീയതി പ്രഖ്യാപിക്കും മുമ്പു തന്നെ വോട്ടർമാരുടെ സമ്പൂർണ സുരക്ഷയൊരുക്കിയാണ് കേന്ദ്ര സേനയുടെ വരവ്. ത്രികോണ മത്സരം ശക്തമാകാനിടയുള്ള സംസ്ഥാനത്തെ അപൂർവം നിയോജക മണ്ഡലത്തിലൊന്നാണ് കുന്നത്തുനാട്.