
കൊച്ചി: കാസർകോട്ടെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ഭെൽ) ഇ.എം.എല്ലിന്റെ ഒാഹരിക്കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ നാലാഴ്‌ചയ്ക്കകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒാഹരിക്കൈമാറ്റം മൂന്നുമാസത്തിനകം പൂർത്തിയാക്കാൻ കമ്പനി ജീവനക്കാരനായ കെ.പി. മുഹമ്മദ് അഷറഫ് നൽകിയ ഹർജിയിൽ 2020 ഒക്ടോബർ 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് ഹർജിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നാലാഴ്ചയ്ക്കകം ഉത്തരവു നടപ്പാക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്. ഹർജി മാർച്ച് 24ന് പരിഗണിക്കാൻ മാറ്റി. ഭെൽ ഇം.എം.എൽ കമ്പനിയുടെ ഒാഹരികൾ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് കൈമാറുന്ന നടപടികൾ വൈകുന്നതിനാൽ ജീവനക്കാർ ശമ്പളംപോലും ലഭിക്കാതെ ദുരിതത്തിലാണെന്നാരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.