
കൊച്ചി: പാചകവാതകമുൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടിയുമായി മാർച്ച് 2ന് എറണാകുളത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) അറിയിച്ചു. അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടേയും എറണാകുളം ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് സമരം.
പാചകവാതകം അടക്കമുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, സവാളയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുക എന്നിവയാണ് അസോസിയേഷൻ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. സംസ്ഥാനകമ്മിറ്റി അംഗങ്ങളും എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളും തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. കൊവിഡിന് പിന്നാലെ അനധികൃത വഴിയോരക്കച്ചവടവും മൂലം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലക്ക് അടിക്കടിയുള്ള പാചകവാതക വിലവർദ്ധനവ് കനത്ത തിരിച്ചടിയാണ്. ഇന്ധനവില വർദ്ധിക്കുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടേയും വില വർദ്ധിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകണം. അതോടൊപ്പം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി നികുതിഭാരം കുറയ്ക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ, എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ്, ജില്ലാ സെക്രട്ടറി ടി.ജെ.മനോഹരൻ എന്നിവർ ആവശ്യപ്പെട്ടു.