കൊച്ചി: പണിതിട്ടും പണിതിട്ടും തീരാതെ കിടക്കുന്ന കൊച്ചി കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മേയർ അഡ്വ. എം.അനിൽകുമാർ പറഞ്ഞു. പണി പൂർത്തിയാക്കാൻ 45 കോടിയോളം രൂപ ചെലവ് വരുമെന്ന് മേയർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.ഹൈക്കോടതിക്ക് സമീപം മറൈൻഡ്രൈവിൽ ആറ് നിലയിൽ നിർമ്മിക്കുന്ന മന്ദിരത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു മേയർ. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സുനിൽ ഡിക്സൺ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ആർ റെനീഷ്, ഉദ്യാേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കമ്പിയില്ലാത്ത എസ്റ്റിമേറ്റ്
2006ൽ എം .ദിനേശ്‌മണി മേയറായിരിക്കുമ്പോൾ കെട്ടിടത്തിന് നിർമാണ അനുമതി ലഭിച്ചു.
12.7 കോടി രൂപയായിരുന്നു പദ്ധതി ചെലവ്
2008ൽ- എസ്റ്റിമേറ്റിൽ കമ്പി ഉൾപ്പെടുത്താതിനാൽ നിർമ്മാണം നിലച്ചു.
ടോണി ചമ്മിണി മേയറായിരിക്കുമ്പോൾ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചു
2012ൽ - എസ്റ്റിമേറ്റ് 18.7 കോടിയായി റിവൈസ് ചെയ്തു
2015 മേയിൽ നിർമ്മാണം പുനരാരംഭിച്ചു
ചെലവ് 24.7 കോടി രൂപയാക്കി പുനർനിശ്ചയിച്ചു.
 25 കോടി വായ്പയെടുക്കും
കരാറുകാരന് ഇതുവരെ 15.44 കോടിരൂപ നൽകി. പുതിയ ഭരണസമിതി വന്ന ശേഷം 1.82 കോടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതീകരണത്തിന് നാലര കോടിയും ആറ് ലിഫ്റ്റുകൾക്കായി രണ്ടര കോടിയും അഗ്‌നി രക്ഷാ സംവിധാനങ്ങൾക്കായി രണ്ടര കോടിയും പ്ളംബിംഗ്, സെപ്റ്റിക് ടാങ്ക് എന്നിവയ്ക്കായി മൂന്ന് കോടിയും ഇന്റീരിയർ, ലാൻഡ് സ്‌കേപ്പിംഗ്, കർട്ടൻ എന്നിവയ്ക്കായി എട്ടു കോടിയുമുൾപ്പെടെ 20 കോടി രൂപയുടെ ജോലികളാണ് ഇനി ചെയ്യാനുള്ളത്.
4.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളും പൂർത്തിയാക്കാനുണ്ട്. അനുബന്ധ പ്രവർത്തികൾ നടത്താനായി ഏജൻസികളെ വച്ചിട്ടുണ്ട്. റാമ്പ് നിർമാണത്തിന് 32 ലക്ഷമാണ് കണക്കാക്കുന്നത്. മന്ദിരം പൂർത്തിയാക്കാൻ ഹഡ്‌കോയിൽ നിന്ന് 25 കോടി രൂപ വായ്പയെടുക്കാൻ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തുക എത്രയെന്ന് ഒരു മാസത്തിനകം കണക്കാക്കും. ഹഡ്‌കോയിൽ നിന്ന് വായ്പയെടുക്കും. എല്ലാമാസവും നിർമാണ പുരോഗതി വിലയിരുത്തും.
# സ്ഥലസൗകര്യങ്ങളുടെ കുറവ്
കരാറുകാരനുമായുള്ള കേസിൽ 8.5 കോടി നൽകാനുണ്ട്. കോർപ്പറേഷന്റെ അപ്പീൽ പരിഗണിച്ച് ഡിവിഷൻ ബഞ്ച് 9 കോടിക്ക് മൂല്യമുള്ള സ്ഥലം ഈട് നൽകണമെന്ന് നിർദേശിച്ചിരുന്നു. ഈ സ്ഥലം കണ്ടെത്തി നൽകിയിട്ടുണ്ട്. പുതിയ മന്ദിരത്തിൽ കൗൺസിൽ ഹാളിന് ആവശ്യമായ വലിപ്പമില്ലെന്നത് വലിയ പ്രശ്‌നമാണ്. നൂറ് പേർക്ക് ഇരിക്കാവുന്ന നിലയിലാണ് ഇപ്പോൾ ഹാൾ പൂർത്തിയാക്കുന്നത്. 16,535 ചതരുശ്ര അടി വിസ്തീരണത്തിൽ ഭിന്നശേഷി സൗഹൃദമായാണ് മന്ദിരം നിർമ്മിക്കുന്നത്.
അഡ്വ.എം.അനിൽകുമാർ
മേയർ