water
യു.സി കോളേജ് കടൂപ്പാടത്തെ നംബർ മൂന്ന് ഇറിഗേഷൻ പമ്പിംഗ് സ്റ്റേഷനിലെ വലിയ കുഴലുകളിൽ വന്ന് അടിഞ്ഞ അറവു മാലിന്യങ്ങൾ മുള തോട്ടി ഉപയോഗിച്ച് നാട്ടുകാർ നീക്കം ചെയ്യുന്നു.

ആലുവ: രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പെരിയാറിലേക്ക് അറവുമാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാതെ അധികൃതർ. ഇതേതുടർന്ന് യു.സി കോളേജ് കടൂപ്പാടം നമ്പർ മൂന്ന് ഇറിഗേഷൻ പമ്പിംഗ് സ്റ്റേഷനിൽ നിന്നും ഇറിഗേഷൻ കനാലിലേക്കുള്ള പമ്പിംഗ് മുടങ്ങിയതിനെ തുടർന്ന് ജനം ദുരിതത്തിലായി.

അറവു മാലിന്യങ്ങൾ നാട്ടുകാരും ജീവനക്കാരും ചേർന്ന് വലിയ മുള തോട്ടി ഉപയോഗിച്ച് നീക്കിയ ശേഷമാണ് പമ്പിംഗ് പുന:സ്ഥാപിച്ചത്. മംഗലപ്പുഴ പാലത്തിൽ നിന്നാണ് രാത്രിയിൽ സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ പെരിയാറിലേക്ക് തള്ളുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും വാഹനങ്ങളിലും മറ്റുമെത്തിയാണ് മാലിന്യം നിക്ഷേപിക്കുന്നത്.

 നിരീക്ഷണമില്ല

ഇവിടെ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യമുണ്ടെങ്കിലും നടപ്പാക്കാത്തതാണ് മാലിന്യ നിക്ഷേപം വർദ്ധിക്കാൻ കാരണമെന്നാണ് വ്യാപകപരാതി. അഴുകിയ മാലിന്യങ്ങൾമൂലം സമീപപ്രദേശങ്ങളിൽ വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. വേനൽ കടുത്തതോടെ പകൽ സമയത്തിന് പുറമെ രാത്രിയിലും പമ്പിംഗ് നടക്കുന്നതിനാൽ പ്രവർത്തനത്തെ തുടർന്നും ബാധിക്കാനിടയുണ്ട്.

കടൂപ്പാടം, കുഴിക്കടേപ്പാടം, അരീപ്പാടം, വെളിയത്തുനാട് പ്രദേശങ്ങളിലെ നെൽകൃഷി, ഏത്തവാഴകൃഷി ഉൾപ്പെടെയുള്ള വിവിധ കൃഷി ആവശ്യത്തിനും, കിണറുകളിലെ നീരുറവ നിലനിർത്തുന്നതിനും വേനൽ കാലത്ത് ജനങ്ങൾ ആശ്രയിക്കുന്നത് പമ്പിംഗിനെയാണ്.

സംരക്ഷണവുമില്ല

സാധാരണ മഴക്കാലം കഴിഞ്ഞാൽ പമ്പ് ഹൗസിൽ നിന്നും പെരിയാറിലേക്ക് സ്ഥാപിച്ചിട്ടുള്ള വലിയ കുഴലുകൾക്ക് ചുറ്റും ഇരുമ്പ് നെറ്റ് ഉപയോഗിച്ച് സംരക്ഷണവലയം സ്ഥാപിക്കാറുണ്ട്. ഇറിഗേഷൻ വകുപ്പ് ഇത്തവണ ഇത് സ്ഥാപിക്കാതെയാണ് പമ്പിംഗ് നടത്തിവരുന്നത്.

 മാലിന്യങ്ങൾ വന്ന് അടിഞ്ഞുകൂടുന്നതീനാൽ സമീപത്തെ പൊതുകുളിക്കടവുകളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അടിയന്തരമായി ബന്ധപ്പെട്ടവർ വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്തണം.

കെ.കെ. അബ്ദുൾ സലാം, യൂത്ത് ലീഗ് നേതാവ്