തൃക്കാക്കര : ജില്ലാ ഭരണ സിരാ കേന്ദ്രമായ എറണാകുളം സിവിൽസ്റ്റേഷൻ ഉൾപ്പെടുന്ന കാക്കനാട് പോസ്റ്റാഫീസ് പരിധിയിൽ ഒരുമാസമായി തപാൽ വിതരണം അനിശ്ചിതത്വത്തിൽ. നിലവിലുണ്ടായിരുന്ന പോസ്റ്റുമാൻ കഴിഞ്ഞ മാസം വിരമിച്ചതിനു ശേഷമാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണം. ഇതിനോടകം ആറോളം പോസ്റ്റുമാൻമാർ വന്നു പോയെങ്കിലും തപാൽ വിതരണം അവതാളത്തിലാണ്. രജിസ്ട്രേഡ് തപാലുകൾ മാത്രമാണ് സിവിൽ സ്റ്റേഷനിലടക്കം ഇപ്പോൾ വിതരണം ചെയ്യുന്നത് .ജീവനക്കാരുടെ അഭാവം മൂലം ലോക്കൽ തപാലുകൾ തരംതിരിക്കുക പോലും ചെയ്യാതെ കാക്കനാട് പോസ്റ്റാഫീസിൽ കെട്ടിക്കിടക്കുന്നു. സിവിൽ സ്റ്റേഷനിൽ ആർ.ടി .ഓ,റവന്യൂ,ട്രഷറി,തുടങ്ങി നൂറുകണക്കിന് വിവിധ ഓഫീസുകളിലേക്കുള്ള ജനങ്ങളുടെ അപേക്ഷകളും പരാതികളും ഇതിലുൾപ്പെടുന്നു. സാമ്പത്തിക വർഷാവസാനം പൂർത്തിയാക്കേണ്ട വിവിധ പദ്ധതികളുടെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നവയിൽ കൂടുതൽ. ഡെപ്പ്യൂട്ടി കളക്ടർ ,ആർ.ടി .ഓ തുടങ്ങി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ നിന്ന് തപാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും ഇതുവരെ പരിഹാരമായിട്ടില്ല.ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ വിവിധ പദ്ധതികളിൽ ആനുകൂല്യം ലഭിക്കേണ്ട പലർക്കും അത് നഷ്ടപ്പെടാണുള്ള സാധ്യതയുണ്ടെന്നാണ് സൂചന.