 
ആലുവ: വധശ്രമ കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് മൂന്ന് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കുഞ്ഞുണ്ണിക്കര കുറുപ്പശേരി വിട്ടിൽ ഇബ്രാഹിമാണ് (ഊറായി - 46) ആലുവ പൊലീസിന്റെ പിടിയിലായത്.
2009ൽ ആലുവ മാർക്കറ്റ് ഭാഗത്ത് നൗഷാദ് എന്നയാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. 2018ൽ പറവൂർ അഡീ. അസിസ്റ്റന്റ് സെഷൻസ് കോടതി ഇയാളെയും കൂട്ടുപ്രതികളേയും ആറുവർഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഇബ്രാഹിം മുങ്ങുകയായിരുന്നു. മറ്റു രണ്ടു പേർ ഇപ്പോൾ ജയിലിലാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേങ്ങാട്ടുശേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. എടത്തല സ്റ്റേഷനിലെ സ്ഥിരം കുറ്റവാളി ലിസ്റ്റിൽപ്പെട്ടയാളാണ്.
എസ്.ഐമാരായ ആർ. വിനോദ്, ഇ.കെ. ജമാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ആർ. ഉദയകുമാർ, ടി.എ. ഷെബിൻ, സി.എസ്. നിഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.