കൊച്ചി: പുറമ്പോക്കിലും ചേരിയിലും ജീവിക്കുന്ന 700 കുടുംബങ്ങൾക്ക് സ്വന്തം ഭവനം എന്ന സ്വപ്നത്തിന് രൂപരേഖയായി. ജി.സി.ഡി.എയുടെ അധീനതയിലുള്ള മുണ്ടംവേലിയിലെ 171 സെന്റ് സ്ഥലം ഈ പദ്ധതിക്കായി നൽകുമെന്ന് ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലീം പറഞ്ഞു. കൊച്ചി നിയമസഭാ മണ്ഡലത്തിലെ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരുടെ പ്രശ്നം പരിഹരിക്കാൻ കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ, കൊച്ചി എം.എൽ.എ കെ.ജെ. മാക്സി, ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലീം എന്നിവർ യോഗം ചേർന്നിരുന്നു. യോഗ തീരുമാനമനുസരിച്ചാണ് 171 സെന്റ് സ്ഥലം അനുവദിക്കാൻ തീരുമാനമായത്. പദ്ധതിയിൽ കൊച്ചി നിയമസഭാ മണ്ഡലത്തിലെ ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതോടൊപ്പം തേവര - കോന്തുരുത്തി പുഴ പുറമ്പോക്കിലെ 40 കുടുംബങ്ങളെ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.പദ്ധതിക്കായി സ്ഥലം നൽകുന്നതിന് സർക്കാർ അംഗീകാരം തേടാനും ജി.സി.ഡി.എ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.