
ന്യൂഡൽഹി: ഉയർന്ന ഇന്ധനവില കാറും ബൈക്കും ഉപയോഗിക്കുന്നവരെ മാത്രമല്ല ഉത്പാദന, ഗതാഗതമുൾപ്പടെ സകല മേഖലയെയും ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. ബോംബെ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപക ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവമേഖലയിലും വിലക്കയറ്റത്തിന് പ്രോത്സാഹനമാകുന്നതാണ് ഇന്ധനവിലക്കയറ്റം. വില നിയന്ത്രിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാൻ തയ്യാറാകണം. രണ്ട് സർക്കാരുകളും ഇന്ധനത്തിൽ പരോക്ഷ നികുതികൾ ഈടാക്കുന്നത് കൊണ്ട് സംയോജിതമായ നീക്കത്തിലൂടെ നികുതി കുറയ്ക്കേണ്ടത് തന്നെയാണ്.
കൊവിഡ് മഹാമാരിക്കാലത്ത് വരുമാനം നിലനിറുത്താൻ സർക്കാരുകൾക്ക് മേൽ സമ്മർദമുണ്ടെന്നത് സത്യമാണ്. കൊവിഡ് പ്രതിസന്ധികൾ അതിജീവിക്കാൻ കൂടുതൽ പണവും ആവശ്യമാണ്. എങ്കിലും ഇരു സർക്കാരുകളും അനുകൂല തീരുമാനം എടുക്കുമെന്ന് വിശ്വാസമുണ്ടെന്നും ശക്തികാന്തദാസ് പറഞ്ഞു.
തിങ്കളാഴ്ച ചേർന്ന നാണയ നയസമിതി യോഗത്തിലും സമാനമായ അഭിപ്രായം ശക്തികാന്തദാസ് പ്രകടിപ്പിച്ചിരുന്നു.