
803.5 ഗാർഹിക സിലിണ്ടർ വില
3 മാസത്തിനിടെ കൂടിയത് 200 രൂപ
കൊച്ചി: അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ച് എൽ.പി.ജി സിലിണ്ടർ വില കുതിച്ചുകയറുന്നു. 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില 25 രൂപ കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് വില 803.5 രൂപയായി. ഈ മാസം ഇത് മൂന്നാം തവണയാണ് ഗാർഹിക സിലിണ്ടർ വില കൂടിയത്. ഈ മാസം 4ന് 25 രൂപയും 15 ന് 50 രൂപയും ഡിസംബറിൽ 100 രൂപയും കൂട്ടിയിരുന്നു. മൂന്നു മാസത്തിനിടെ 200 രൂപയുടെ വർദ്ധന.
അന്താരാഷ്ട്ര വിലവർദ്ധന, രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് എണ്ണ വിതരണ കമ്പനികൾ നിരത്തുന്ന വാദം. അതേ സമയം വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറിന്റെ വില 5 രൂപ കുറച്ച് 1524.5 രൂപയാക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലയിൽ ഇന്നലെയും (തുടർച്ചയായ രണ്ടാം ദിവസം) മാറ്റമുണ്ടായില്ല.