കൊച്ചി: സഹോദരൻ അയ്യപ്പൻ റോഡിലെ എളംകുളം മെട്രോ സ്‌റ്റേഷന് സമീപത്തെ അപകടവളവിൽ നിയന്ത്രണംവിട്ട ബൈക്ക് മെട്രോ മീഡിയനിലെ വിളക്കുകാലിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. എളംകുളം കുഡുംബി കോളനി നിവാസികളായ ചാത്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ സി.വി. വിശാൽ (25), സുരേന്ദ്രന്റെ മകൻ സുമേഷ് (24) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. വിശാലും സുമേഷും സുഹൃത്തുക്കൾക്കൊപ്പം മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ പോയിരുന്നു. രാത്രി 1.20 ഓടെ ഇവർ തിരികെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ അൽപസമയം കഴിഞ്ഞ് വൈറ്റിലയിൽ ഭക്ഷണം കഴിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ഇരുവരും വീണ്ടും വീട്ടിൽ നിന്നിറങ്ങി. ഈ യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. സുമേഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടവന്ത്ര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. വിശാലിന്റെ മാതാവ്: രാധ. സഹോദരി: വിദ്യ. സുമേഷിന്റെ മാതാവ്: പുഷ്പ. സഹോദരൻ: സുഭാഷ്.