കൊച്ചി: കുടുംബശ്രീയും കേരള മീഡിയ അക്കാഡമിയും സംയുക്തമായി നടപ്പിലാക്കുന്ന വനിതകൾക്കായുള്ള മാദ്ധ്യമപരിശീലന പദ്ധതിയിൽ ആദ്യ ബാച്ച് പൂർത്തിയായി. വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 12 പേരാണ് ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കിയത്. ഇവർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ എസ്. സുഹാസ് വിതരണം ചെയ്തു. 10 ദിവസം ദൈർഘ്യമുള്ള ക്യാമ്പിൽ വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി, ഫോട്ടോ എഡിറ്റിംഗ്, എന്നിവയിലാണ് പരിശീലനം നൽകിയത്.

നവമാദ്ധ്യമരംഗത്തെ പരിശീലനം നൽകി ഉപജീവനമാർഗം കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. താത്പര്യമുള്ള കൂടുതൽ വനിതകൾക്ക് തുടർപരിശീലനം നൽകാനും പദ്ധതിയുണ്ട്.

മീഡിയ അക്കാഡമിയിൽ നടന്ന സമാപനച്ചടങ്ങിൽ ഭരണസമിതി അംഗം എൻ.പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടറും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ, മീഡിയ അക്കാഡമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, മീഡിയ അക്കാഡമി ഇൻസ്റ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ , ലക്ചറർ കെ. ഹേമലത, കോഴ്‌സ് കോ ഓർഡിനേറ്റർ കെ. അജിത്ത്, ഇൻസ്ട്രക്ടർ എം.ജി. ബിജു, കുടുംബശ്രീ പ്രതിനിധി ആശ പണിക്കർ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ 15ന് മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബുവാണ് പരിശീലനം ഉദ്ഘാടനം ചെയ്തത്. രണ്ടാം ബാച്ചിന്റെ പരിശീലനം ഇന്നലെ ആരംഭിച്ചു.