കൊച്ചി: മാർച്ചിൽ നടക്കുന്ന മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ ഭാഗമായി കൊച്ചി തുറമുഖ ട്രസ്റ്റ് മൂന്നു ധാരണാപത്രം ഒപ്പുവച്ചു. വല്ലാർപാടത്ത് 85 കോടി മുതൽമുടക്കിൽ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോണിന് (എഫ്.ടി.ഡബ്ല്യു.ഇസഡ്) ഐ.ജി.ടി.പി.എൽ, പുതുവൈപ്പിനിൽ 30 കോടി ചെലവിൽ ക്രയോജനിക് വെയർഹൗസ് സ്ഥാപിക്കുന്നതിന് ഡിപി വേൾഡ്, വില്ലിങ്ടൺ ഐലൻഡിൽ വ്യോമയാന ഇന്ധനസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവരുമായാണ് ധാരണയിലെത്തിയത്. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തിപ്പിക്കുന്ന സ്ഥാപനമാണ് ഐ.ജി.ടി.പി.എൽ. എല്ലാത്തരം കാർഗോയും സംഭരിക്കാനാകുന്ന എഫ്.ടി.ഡബ്ല്യു.ഇസഡ് 50 പേർക്കും സമുദ്രോൽപ്പന്നങ്ങൾ, മാംസം, പഴം, പച്ചക്കറി, ഫാർസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സംഭരിക്കുന്നതിനുള്ള ക്രയോജനിക് വെയർഹൗസ് 65 പേർക്കും എട്ട് ഹെക്ടർ സ്ഥലത്ത് വിഭാവനം ചെയ്തിരിക്കുന്ന 200 കോടി മുതൽമുടക്കുള്ള ഐഒസിയുടെ വ്യോമയാന ഇന്ധനഫാം 60 പേർക്കും തൊഴിൽ നൽകുന്ന പദ്ധതികളാണ്. വരുംദിനങ്ങളിൽ മറ്റു ചില ധാരണാപത്രങ്ങൾകൂടി ഒപ്പുവച്ചേക്കുമെന്നും പോർട്ട് ട്രസ്റ്റ് അറിയിച്ചു. മാർച്ച് രണ്ടുമുതൽ നാലു വരെയാണ് മാരിടൈം ഇന്ത്യ ഉച്ചകോടി.