parcel

കോലഞ്ചേരി: നാട്ടിൽ നിന്നും ബംഗളൂരുവിൽ താമസിക്കുന്ന ബന്ധുക്കൾക്ക് നാട്ടിലെ ഇഷ്ടവിഭവം, അമ്മ തന്നെ ഉണ്ടാക്കിയതു കഴിക്കാൻ കൊതി തോന്നുന്നുണ്ടെങ്കിൽ, എത്തിക്കാൻ കർണ്ണാടക ആർ.ടി.സി റെഡിയാണ്. ജോലിക്കും പഠനത്തിനുമായി ബംഗളൂരുവിൽ ഹോസ്​റ്റലിലും മ​റ്റും താമസിക്കുന്നവരാണ് ആഴ്ചാവസാനം നാട്ടിലെ ഫുഡിനോട് കമ്പം കാണിക്കുന്നത്. ഇവരെ മടുപ്പിക്കാതിരിക്കാൻ നാട്ടിൽ നിന്ന് അച്ചാറും ചിക്കൻ കറിയുമെല്ലാം അവിടെ കർണ്ണാടക ആർ.ടി. സി വഴിയെത്തിക്കും. ഭക്ഷണവും,വസ്ത്രവുമുൾപ്പടെ കുറഞ്ഞ ചിലവിൽ അവിടെയെത്തിക്കുന്നതാണ് പദ്ധതി. കൊവിഡിനെ തുടർന്നുണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താൻ വേണ്ടിയാണ് കാർഗോ, പാഴ്‌സൽ തുടങ്ങിയിരിക്കുന്നത്. കേരളം ഉൾപ്പെടെ എവിടെ നിന്നും കർണാടക ആർ.ടി.സി നമ്പറുകളിൽ ബന്ധപ്പെട്ടാൽ പാഴ്‌സൽ എത്തിക്കാം. ഇവ കൃത്യമായി എത്തുന്നില്ലെങ്കിൽ 18002085533, 8885554442 എന്ന നമ്പറുകളിലോ ബന്ധപ്പെടാം. ലഗേജുകൾ ഇൻഷ്വറൻസ് ചെയ്യാനും വ്യവസ്ഥയുണ്ട്. കർണാടക ആർ.ടി.സി, നോർത്ത് വെസ്​റ്റ്, നോർത്ത് ഈസ്​റ്റ് എന്നീ 3 ട്രാൻസ്‌പോർട്ട് കോർപറേഷനുകളിലുമായാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഇതേ കാർഗോ വഴി കർണാടക ബസുകളിൽ ദിവസേന ടൺ കണക്കിനു പൂക്കൾ കേരളത്തിലെത്തുന്നുണ്ട്.