
കോലഞ്ചേരി: തേങ്ങയില്ല, വെളിച്ചെണ്ണ വ്യാപാരം പ്രതിസന്ധിയിലേയ്ക്ക്. മികച്ച വില ലഭിക്കുമ്പോഴും ആട്ടിയെടുക്കാൻ ആവശ്യത്തിന് തേങ്ങയില്ലാതായതോടെ സംസ്ഥാനത്തെ മില്ലുകളിലും പണിയില്ലാതാകുന്നു. കാലാവസ്ഥ മാറ്റം വിളവിനെ ബാധിച്ചതായി കർഷകർ പറയുന്നു. കൊവിഡ് കാലമായതോടെ വീടുകളിൽ ഉത്പാദിച്ച് വിറ്റഴിച്ചിരുന്നവർക്ക് സ്വന്തം ഉപയോഗം വർദ്ധിച്ചതോടെ ചെറുകിട വില്പനകളും നിലച്ചിരുന്നു. തമിഴ്നാട്, കർണ്ണാടകയിൽ നിന്നുമാണ് സംസ്ഥാനത്തേയ്ക്ക് വെളിച്ചെണ്ണയ്ക്കായി തേങ്ങ എത്തിയിരുന്നത്. എന്നാൽ അവിടെ ആവശ്യം ഏറിയതോടെ പ്രദേശികമായി ലഭിച്ചിരുന്ന നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണു മില്ലുകൾക്കു തിരിച്ചടിയായത്. മികച്ച ഗുണനിലവാരമുള്ളതിനാൽ കേരളത്തിലെ നാളികേരത്തിനു മറ്റു സംസ്ഥാനങ്ങളിൽ വലിയ സ്വീകാര്യതയുണ്ട്. ഇവിടെ തേങ്ങ കുറഞ്ഞതോടെ വില്പനയും ഇല്ലാതായി. തേങ്ങ വാങ്ങിയെത്തിക്കുന്ന ഏജന്റുമാരുമായി വിലയുടെ കാര്യത്തിൽ കടുത്ത മത്സരമാണു നടക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. പ്രതിസന്ധി തുടർന്നാൽ മില്ലുകൾ അടച്ചുപൂട്ടേണ്ടി വരും. ഇത് ആയിരക്കണക്കിനു തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും. വെളിച്ചെണ്ണയ്ക്കു പുറമേ തേങ്ങപ്പൊടി, വിനാഗിരി തുടങ്ങിയ മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതും കേരളത്തിലെ തേങ്ങയാണ്. കാലിത്തീറ്റ ഫാക്ടറികൾ വഴി തേങ്ങാ പിണ്ണാക്കിനും ചിലവുണ്ട്. ഈ ഉല്പന്നങ്ങൾ പിന്നീട് കേരള വിപണിയിൽ തന്നെ എത്തുകയാണ് പതിവ്. എന്നാൽ ഇവിടെ ഉല്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്കു 5 ശതമാനം നികുതി നൽകണം. ഇതോടെ പ്രാദേശികമായി നിർമിക്കുന്ന വെളിച്ചെണ്ണയ്ക്ക് ഇറക്കുമതി ചെയ്യുന്ന വെളിച്ചെണ്ണയേക്കാൾ 20 ശതമാനം വരെ വില വർദ്ധിക്കുന്നുണ്ട്. പുറമേ നിന്നെത്തുന്ന മായം കലർന്ന വെളിച്ചെണ്ണയുടെ വിതരണം നിയന്ത്റിക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതും തിരിച്ചടിയാണ്.